കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ പാണൂര്‍, തോട്ടത്തുമൂലയില്‍ പുലിയിറങ്ങി. മണികണ്ഠന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു അടിയില്‍ ഉറങ്ങിക്കിടന്ന വളര്‍ത്തു നായയെ പുലി കടിച്ചു കൊണ്ടു പോയി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു ലൈറ്റിട്ടു. വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ നായയെ പുലി കടിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. സ്‌കൂള്‍, അംഗന്‍വാടി കുട്ടികള്‍ നടന്നുപോകുന്ന വഴിയരുകിലുള്ള വീട്ടിലെ നായയെ ആണ് പുലി കടിച്ചു കൊണ്ടു പോയത്. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പരിശോധിച്ച് നായയെ കടിച്ചു കൊണ്ടു പോയത് പുലിയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാനത്തൂര്‍, പാണൂര്‍ ഭാഗങ്ങളില്‍ പുലിയെ കണ്ടിരുന്നതായി പ്രചരണം ഉണ്ടായിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് ഇരിയണ്ണി, കുണിയേരിയില്‍ പുലിയിറങ്ങിയിരുന്നു. തുടര്‍ന്ന് പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂടുവച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടയിലാണ് പുലി വീട്ടുമുറ്റത്തെത്തി വളര്‍ത്തു നായയെ കടിച്ചു കൊണ്ടു പോയ സംഭവം ഉണ്ടായത്.