കലക്ടറെ വരെ പറ്റിച്ചു, വ്യാജ കോടതി പ്രവര്‍ത്തിച്ചത് അഞ്ചുവര്‍ഷം; വ്യാജ ജഡ്ജിയും ഗുമസ്തന്മാരും പിടിയില്‍

ഗാന്ധിനഗര്‍: വ്യാജ കോടതി നിര്‍മിച്ച് വ്യാജ ജഡ്ജിയായ യുവാവ് അഞ്ച് വര്‍ഷം ആളുകളെ കബളിപ്പിച്ചു. നാട്ടുകാരെ പറ്റിച്ചുവന്ന ജഡ്ജിയും ഗുമസ്തന്‍മാരും അറസ്റ്റിലായി. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ (37) എന്നയാളാണ് ഗാന്ധിനഗറില്‍ സ്വന്തമായി കോടതി നടത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് വ്യാജ ട്രൈബ്യൂണല്‍ രൂപീകരിച്ച് അതില്‍ ജഡ്ജിയായി വേഷമിട്ടുകൊണ്ട് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി വ്യാജ കോടതി അവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രതിയായ മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ 2019-ല്‍ സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ തന്റെ കക്ഷിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ടാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. സിറ്റി സിവില്‍ കോടതിയില്‍ ഭൂമി തര്‍ക്ക കേസുകള്‍ നിലനില്‍ക്കുന്നവരെയായിരുന്നു പ്രതിയായ മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ ഉന്നംവെച്ചത്. കേസ് തീര്‍പ്പാക്കുന്നതിനുള്ള ഫീസായി ഇടപാടുകാരില്‍ നിന്ന് ഒരു നിശ്ചിത തുക ഇയാള്‍ വാങ്ങാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിയമപരമായ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന് യോഗ്യതയുള്ള കോടതി നിയമിച്ച ഔദ്യോഗിക മദ്ധ്യസ്ഥനാണ് താനെന്നായിരുന്നു മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ ആള്‍ക്കാരെ ധരിപ്പിച്ചിരുന്നത്. മോറിസ് സാമുവലിന്റെ സംഘത്തിലുള്ള മറ്റുള്ളവര്‍ കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി വേഷമിട്ട് നില്‍ക്കും. ജില്ലാ കലക്ടര്‍ക്കുവരെ നിര്‍ദേശം നല്‍കുന്ന വ്യാജ ഉത്തരവുകള്‍ ഇയാള്‍ പുറപ്പെടുവിച്ചിരുന്നു. വ്യാജകോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതി രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആള്‍മാറാട്ടം, വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ജഡ്ജിയെയും ഗുമസ്തന്‍മാരെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കല്യോട്ട് ഇരട്ടക്കൊല: വിധിക്ക് കാതോര്‍ത്ത് കേരളം, അഡ്വ. സി.കെ ശ്രീധരന്റെ വീട് പൊലീസ് നിരീക്ഷണത്തില്‍, ശ്രീധരനെതിരെ കടുത്ത വിമര്‍ശനവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍

You cannot copy content of this page