കാസര്‍കോട്: സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞു ചീമേനി സ്വദേശിയുടെ നാലു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍, പുണാര്‍വളപ്പിലെ സല്‍മാന്‍ ഫാരിസി(27)നെയാണ് ചീമേനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. അനില്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്. പയ്യന്നൂരിലെ ഹോട്ടലുടമ തിമിരി, വലിയപൊയിലിലെ മുഹമ്മദ് ജാസറി (26)ന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം മഹാരാഷ്ട്രയിലെ ഒരു ബാങ്കിലേക്കാണ് പോയതെന്നു കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തില്‍ മഹാരാഷ്ട്രയിലെ അക്കൗണ്ടില്‍ നിന്നു സല്‍മാന്‍ ഫാരിസിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
2024 ഫെബ്രുവരി 17ന് ഉച്ചയ്ക്കാണ് സിബിഐ ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍കോള്‍ എത്തിയത്. വിശദമായ സംഭാഷണത്തിനു ശേഷമാണ് 12 കോടി രൂപ തട്ടിയെടുത്ത കേസില്‍ താങ്കള്‍ പ്രതിയാണെന്നു പറഞ്ഞ് മുഹമ്മദ് ജാസറില്‍ നിന്നു പണം തട്ടിയെടുത്തത്. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ടതെന്നു പരാതിക്കാരന് മനസ്സിലായതും പൊലീസില്‍ പരാതി നല്‍കിയതും.