കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം സ്വദേശിയാണ് യുവാവ്. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ എംപോക്സ് കേസാണിത്. നേരത്തെ മലപ്പുറം സ്വദേശിയായ മുപ്പത്തിയെട്ടുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും യുഎഇയില്‍ നിന്നു നാട്ടിലെത്തിയതായിരുന്നു. മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.