കൊച്ചി: നടിയുടെ പീഡന പരാതിയില്‍ പൊലീസ് അറസ്റ്റുചെയ്യാന്‍ നീക്കം നടക്കുന്നതിനിടെ നടന് സിദ്ദീഖിനെ കാണാതായി. നിലവില്‍ സിദ്ദിന്റെ എല്ലാ ഫോണ്‍ നമ്പറുകളും സ്വിച്ച്ഡ് ഓഫ് ആണ്.
കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദീഖ് ഇല്ലഅറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. അറസ്റ്റിന് തടസമില്ലെന്നാണ് പോലീസിന്റെ വിശദീകരണം. താരം ഒളിവില്‍ പോയെന്നാണ് സൂചന. അതിനിടെ പ്രത്യേക അന്വേഷണ സംഘം സിദ്ദീഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എഎംഎംഎ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന താരം രാജ്യം വിടാതിരിക്കാനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദീഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദീഖ്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മസ്കറ്റ് ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവ നടിയുടെ രഹസ്യ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. സിനിമയുടെ സ്ക്രീനിംഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്കറ്റ് ഹോട്ടലില്‍ എത്തിയതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 2017ല്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ബി രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിദ്ദീഖിന് വേണ്ടി ഹാജരായത്.