കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 125 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും ശിക്ഷ. കാസര്‍കോട്, കൂഡ്ലു, കാനത്തിങ്കരയിലെ സുബ്ബ (61)യെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 25 മാസം അധികം കഠിന തടവ് അനുഭവിക്കണമെന്നും വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. 2021 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാണ് സുബ്ബയ്ക്കെതിരെയുള്ള കേസ്. സുബ്ബ, ഉളിയത്തടുക്കയില്‍ പെട്ടിക്കട നടത്തുകയായിരുന്നു. ഈ സമയത്ത് കടയിലെത്തിയിരുന്ന പെണ്‍കുട്ടിക്കു മിഠായി നല്‍കിയും ക്വാര്‍ട്ടേഴ്സിനു സമീപത്തുണ്ടായ പപ്പായ പറിച്ചു നല്‍കിയുമാണ് കുട്ടിയെ വശത്താക്കിയത്. ചില സമയങ്ങളില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്കു ലഭിച്ച വിവരത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആയിരുന്ന സി. ഭാനുമതിയാണ് കേസ് അന്വേണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്സോ) എ.കെ പ്രിയ ഹാജരായി.
പരാതിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു മറ്റു എട്ടു പേര്‍ക്കെതിരെയും പോക്സോ കേസുണ്ട്. വിവിധ കേസുകളായാണ് ഇവ പരിഗണിക്കുന്നത്.