കണ്ണൂര്‍: പയ്യാമ്പലത്ത് പിറന്നാള്‍ ആഘോഷത്തിനു എത്തിയ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു; 2 പേര്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരിയിലെ തന്‍സീര്‍ (23), താണ സ്വദേശി ഷഹബാസ് (21) എന്നിവര്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരുവര്‍ക്കും നേരെ അക്രമം ഉണ്ടായത്. കണ്ണൂര്‍ സിറ്റിയിലെ ഒരു കടയിലെ സെയില്‍സ്മാനായ ഷഹബാസിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ഇരുവരും പയ്യാമ്പലത്ത് എത്തിയത്. പയ്യാമ്പലം, കടല്‍ത്തീരത്ത് ഫുട്പാത്തിലിരുന്നു കേക്ക് മുറിക്കുകയായിരുന്നു ഷഹബാസും സുഹൃത്തും. ഇതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ആറംഗസംഘം ലൈറ്റര്‍ ചോദിച്ചു. കൊടുക്കാത്ത വിരോധത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നു പരിക്കേറ്റവര്‍ പൊലീസിനോട് പറഞ്ഞു. ഷഹബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി. തന്‍സീര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കക്കാട്,അഷ്‌റഫ് മന്‍സിലിലെ സഫ്‌വാന്‍ (24) അത്താഴക്കുന്ന് കോട്ടയിലെ മുഹമ്മദ് സഫ്‌വാന്‍ (22) എന്നിവരെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തു.