കാസര്‍കോട്: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ചീമേനി സ്വദേശിയില്‍ നിന്നു 10.20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചീമേനിയിലെ വിജയന്‍ നല്‍കിയ പരാതി പ്രകാരം കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ കെ. ശശി, കൊല്ലം, പുനലൂരിലെ ശരത് എസ് ശിവന്‍, ഇയാളുടെ ഭാര്യ എബി, പുനലൂരിലെ ഗീതാറാണി എന്നിവര്‍ക്കെതിരെയാണ് കേസ്. ഹൈക്കോടതി അഭിഭാഷകനാണെന്നും ഡോക്ടറാണെന്നുമൊക്കെ പറഞ്ഞാണ് സംഘം ആള്‍ക്കാരെ സമീപിച്ചിരുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനു ഉപയോഗിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കണ്ണൂര്‍, മക്രേരി സ്വദേശിയായ ഒരാളില്‍ നിന്നും സംഘം സമാന രീതിയില്‍ 10.20 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത ചക്കരക്കല്ല് പൊലീസ് എറണാകുളം, കടവന്ത്രയിലെ വാടകവീട്ടില്‍ നടത്തിയ റെയ്ഡില്‍ കൊല്ലം, കൊട്ടിയം സ്വദേശിനിയായ നിയ (28)യെ അറസ്റ്റു ചെയ്തിരുന്നു. നിയയെ ചോദ്യം ചെയ്തപ്പോഴാണ് പുനലൂര്‍ സ്വദേശിയായ ശരത് എസ് ശിവന്‍, തിരുവനന്തപുരത്തെ ഗീതാറാണി എന്നിവര്‍ മറ്റൊരു തട്ടിപ്പു കേസില്‍ റിമാന്റില്‍ കഴിയുന്ന വിവരം പൊലീസിനു ലഭിച്ചത്. ശരത് എസ് ശിവന്‍ ചീമേനി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിയാണ്. സംഘാംഗങ്ങള്‍ക്കെതിരെ പയ്യന്നൂര്‍, പിണറായി പൊലീസ് സ്റ്റേഷനുകളിലും സമാന കേസുകളുള്ളതായി പൊലീസ് പറഞ്ഞു.