വേദനിപ്പിക്കുന്ന രണ്ട് കല്യാണ ഓര്‍മ്മകള്‍…

ബാല്യത്തിലെപ്പോഴോ കാല്‍മുട്ടിനേറ്റ ഒരു കുഞ്ഞു മുറിവിന്റെ മായാത്ത അടയാളം നാമിപ്പോഴും പേറി നടക്കാറില്ലേ.
അത് പോലെ ആ പ്രായത്തില്‍ എന്റെ ഹൃദയത്തിനേറ്റ ഒരു മുറിവുണ്ട്.
ഇന്നും പാടവശേഷിക്കുന്ന മായാത്ത മുറിവ്.
എന്റെ മൂത്തുമ്മയുടെ മക്കളായിരുന്നു സാറുമ്മയും മറിയവും.
സാറുമ്മ മൂത്തമ്മയുടെ രണ്ടാമത്തെ മകളും മറിയം മൂന്നാമത്തെ മകളുമാണ്. വെള്ളച്ചാലിലാണ് അവരുടെ താമസം. വിശാലമായ പറമ്പില്‍ ചെറിയൊരു ഓടിട്ട വീട്ടിലാണ് അവരുടെ കുടുംബം താമസിച്ചിരുന്നത്.
സാറുമ്മയ്ക്കും എനിക്കും ഒരേ പ്രായം, പതിനൊന്നു വയസ്.
വര്‍ഷം അന്ന് 1961. അന്നൊരു ഞായറാഴ്ചയായിരുന്നു. ഉമ്മ രാവിലെ തന്നെ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു; ഇന്ന് നമുക്ക് സാറുമ്മയുടെ വീട്ടിലേക്ക് പോകണമെന്ന്. ചുവന്ന മുണ്ടും വെള്ളക്കുപ്പായവുമിട്ടു നടക്കുന്നവള്‍, അതാണ് എന്റെ മനസ്സിലെ സാറുമ്മ. അന്ന് സാറുമ്മയുടെ നിക്കാഹാണത്രേ.
ഞങ്ങടെ വീട്ടില്‍ നിന്ന് എല്ലാവരും പങ്കെടുക്കുന്നുണ്ട്. കേട്ടപ്പൊ എനിക്കത്ഭുതം തോന്നി.
സാറുമ്മയുടെ നിക്കാഹോ, അപ്പൊ അവള്‍ക്ക് സ്‌കൂളില്‍ പോകണ്ടേ. അതൊക്കെയായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത.
അവിടേക്ക് കുക്കാനത്തുനിന്ന് നടന്നു പോകണം. ബസ്സില്ല,റോഡുമില്ല. ഞാനും ഉമ്മയും ഉമ്മൂമ്മയും കൂടിയായിരുന്നു ആ യാത്ര. നിക്കാഹ് രാത്രിയിലായത് കൊണ്ട് വീട്ടിലെ പുരുഷന്മാരൊക്കെ രാത്രിയിലെത്തിയാല്‍ മതി. രാവിലെ പത്തുമണിക്കാണ് ഞങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആ സമയത്ത് നല്ല ചൂടായിരുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ ഇടുന്ന ട്രൗസറും ഷര്‍ട്ടുമായിരുന്നു അപ്പോഴത്തെ എന്റെ വേഷം.
ഉമ്മൂമ്മ ഉടുപ്പുപെട്ടിയില്‍ സൂക്ഷിച്ചു വെച്ച പട്ടു മുണ്ടും നല്ല വെള്ള ബ്ലൗസും പൂവാര്‍ന്ന തട്ടവുമായിരുന്നു ധരിച്ചിരുന്നത്.
ഉമ്മ മിന്നുന്ന സാരിയും ബ്ലൗസും.
ഞങ്ങടെ പറമ്പ് കഴിഞ്ഞാല്‍ പിന്നെ വെള്ള വയലിലേക്കിറങ്ങണം. വയലിലെ വെള്ളപ്പൂഴിയിലൂടെ ചുട്ടുപൊള്ളുന്ന വെയിലിനെ കൂസാതെയാണ് നടത്തം. ഉമ്മക്കും ഉമ്മൂമ്മയ്ക്കും കുടയുണ്ട്.
ഉമ്മുമ്മ വഴിയിലൂടെ ആരെങ്കിലും ആണുങ്ങള്‍ നടന്നു വരുന്നത് കണ്ടാല്‍ വഴിമാറിനടക്കും.
വഴിപോക്കരുടെ നേരെ കയ്യിലുള്ള കുട കൊണ്ട് മറച്ചുപിടിക്കും. വെള്ള വയലില്‍ നിന്ന് നടന്നു കയറിയാല്‍ പിന്നെ പലിയേരിയാണ്. അവിടെ പടിഞ്ഞാറത്ത് കൃഷ്ണന്റെ ഒരു പീടികയുണ്ട്. പീടികയില്‍ നിന്ന് ഉമ്മ മിഠായി വാങ്ങിത്തരും.
തൊട്ടടുത്താണ് പലിയേരി വായനശാല. അവിടെ ഒരത്ഭുതമുണ്ട്. ഞങ്ങളുടെ നാട്ടില്‍ ആദ്യം റേഡിയോ വന്നത് ഈ വായനശാലയിലാണ്. അത് കൊണ്ട് തന്നെ വാര്‍ത്ത പുറമേയുള്ളവര്‍ക്ക് കേള്‍ക്കാന്‍ അവിടെ വലിയ കോളാമ്പി വെച്ചിട്ടുണ്ട്. അവിടെ എത്തുമ്പോള്‍ എന്തെങ്കിലും പരിപാടി ഉണ്ടാവണേ എന്നാഗ്രാഹിച്ചു കൊണ്ടാണ് ഞാന്‍ പോയിരുന്നത്. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചത് പോലെ ഒന്നുമുണ്ടായില്ല. നിശബ്ദനായി നില്‍ക്കുന്ന കോളാമ്പിയെ നോക്കി എനിക്ക് നടന്നു നീങ്ങേണ്ടി വന്നു. അത് കഴിഞ്ഞാല്‍ പിന്നെ കൊടക്കാട് വയലിലേക്കിറങ്ങി ഓലാട്ടെത്തണം. അവിടെ നിന്ന് വെള്ളച്ചാലിലേക്ക് വിവിധ പറമ്പുകളിലൂടെയും ഇടവഴിയിലൂടെയും നടന്നാല്‍ മൂത്തുമ്മയുടെ പുരയിലെത്തും.
അങ്ങനെ മണിക്കൂറുകളുടെ നടത്തത്തിനൊടുവില്‍ ഞങ്ങള്‍ കല്യാണ വീട്ടിലെത്തി. എല്ലാവരും തിരക്കിലാണ്.
കളത്തില്‍ മെടഞ്ഞ ഓല കൊണ്ട് പന്തലിട്ടിട്ടുണ്ട്. അയല്‍ വീടുകളില്‍ നിന്ന് കസേരകളും പ്ലേറ്റും ഗ്ലാസുമൊക്കെ കുട്ടികളെടുത്തു കൊണ്ടു വരുന്നുണ്ട്. ആകപ്പാടെ വല്ലാത്ത ബഹളം. ഞാന്‍ വേഗം കല്യാണപെണ്ണിനെ തിരഞ്ഞു കണ്ടു പിടിച്ചു. അവളുടെ നിക്കാഹാണെന്നല്ലേ പറഞ്ഞത്, അപ്പൊ അവളെയല്ലേ ആദ്യം കാണേണ്ടതും.
ഞാന്‍ നോക്കുമ്പോ അവള്‍ക്ക് പ്രത്യേകിച്ച് ഒരു ഭാവമാറ്റവുമില്ല. എന്നും കാണുന്ന അതേ സാറുമ്മ.
‘നീ പോത്തിനെ അറക്കുന്നത് കണ്ടിട്ടുണ്ടോ?’ എന്നെ കണ്ടയുടനെ അവളാദ്യം ചോദിച്ചത് അതായിരുന്നു.
‘ ഇല്ല’
ഞാനും നിഷ്‌കളങ്കമായി അതിനുത്തരം പറഞ്ഞു.
‘അതാ അടുത്ത പറമ്പില്‍ അറവു നടക്കുന്നുണ്ട് ‘
‘എങ്കില്‍ വാ നമുക്ക് പോവാം ‘
ഞാന്‍ കൂട്ടിന് അവളെയും വിളിച്ചു.
‘അയ്യോ ഞാന്‍ വരുന്നില്ല.’
അല്‍പം പേടിയോടെ അവളതില്‍ നിന്നും പിന്മാറി.
ഞാന്‍ വേഗം മറ്റു കുട്ടികളോടൊപ്പം അറക്കുന്നത് കാണാന്‍ അവള്‍ പറഞ്ഞ ഇടത്തേക്ക് ചെന്നു.
വലിയൊരു തലക്കെട്ട് കെട്ടിയ താടിക്കാരന്‍ പോത്തിന്റെ കഴുത്തില്‍ കത്തി വെച്ച് അറക്കുന്നു.
ചോരയിങ്ങനെ ഒലിച്ചിറങ്ങുന്നു. പോത്ത് വേദന കൊണ്ട് പിടയുന്നു. ആ മരണ വെപ്രാളം കണ്ടപ്പോ ഞാന്‍ വേഗം തിരികെ കല്യാണ വീട്ടിലേക്ക് തന്നെ ഓടി. സാറുമ്മയോട് കണ്ട കാര്യം വിശദീകരച്ചു പറഞ്ഞു. അത് കേട്ടപ്പോ അവള് ചിരിച്ചു.
‘നിന്നെ അതേ പോലെ അറുക്കണം’
അവളുടെ ചിരി കണ്ടപ്പൊ ഞാന്‍ തമാശയായി പറഞ്ഞു.
അത് കേട്ടപ്പൊ സാറുമ്മക്ക് ദേഷ്യം വന്നു.
‘അപ്പോ ഞാന്‍ നിന്റെ കണ്ണ് കുത്തി പൊട്ടിക്കും’
അവളും വിട്ടില്ല. അങ്ങനെ രാത്രിയായി. പുതിയാപ്ലയും ആള്‍ക്കാരും വന്നു. പിന്നെ ഞാന്‍ സാറുമ്മയെ കണ്ടില്ല.
ചോദിച്ചപ്പൊ അവള്‍ പുതിയ പെണ്ണായി അകത്തു കൂടിയിരിക്കയാണെന്ന് ആരോ പറഞ്ഞു. എനിക്ക് സങ്കടം തോന്നി.
പിന്നെ ഞാന്‍ സാറുമ്മയെ കണ്ടിട്ടേയില്ല. കുറച്ചു നാളുകള്‍ക്ക് ശേഷം ഉമ്മാമ ഉമ്മയോട് പറയുന്നത് കേട്ടു.
‘സാറുമ്മാ ഇപ്പം സ്വന്തം വീട്ടിലാണത്രേ നില്‍പ്പ്..’ വിവാഹം കഴിഞ്ഞ് കുറച്ചുകാലം കഴിഞ്ഞതേയുണ്ടായിരുന്നുള്ളു.
പിന്നെ ഒരു ദിവസം ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കേട്ടാണ് ഞങ്ങള്‍ വീണ്ടും സാറുമയുടെ വീട്ടിലേക്കോടിയത്.
‘സാറുമ്മ കിണറില്‍ വീണ് മരിച്ചു.’അതായിരുന്നു വാര്‍ത്ത. ആ വീട്ടിലെ കിണറിന് ആള്‍ മറയില്ലായിരുന്നത്രേ.
കിണറിന് അരികില്‍ മരം വെച്ച് അതിന്മേല്‍ കയറി നിന്ന് കപ്പിയും കയറുമുപയോഗിച്ചാണ് വെള്ളമെടുക്കേണ്ടത്.
ആ സമയത്ത് കയറി നിന്ന മരം പൊട്ടി അവള് ആഴമുള്ള കിണറ്റിലേക്ക് വീണു പോയതാണെന്നാണ് അറിവ്.
വെള്ള പുതച്ചു കിടക്കുന്ന അവളെ കണ്ടപ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വന്നത് അവളോട് ഞാനവസാനം പറഞ്ഞ ആ വാക്കുകളായിരുന്നു. ‘നിന്നേയും അതുപോലെ അറുക്കണം.’ എനിക്ക് വല്ലാത്ത സങ്കടം തോന്നി.
ആരും കാണാതെ അന്ന് ഞാനും ഒരുപാട് കരഞ്ഞു. ഇന്നും അതോര്‍ക്കുമ്പോള്‍, ഉള്ളിലൊരു നോവ് പടരും.
ഇന്ന് അവളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇടക്കൊക്കെ എനിക്ക് തോന്നാറുണ്ട്, ചെറുപ്രായത്തില്‍ ഒരാളുടെ ഭാര്യമായി മാറിയതിന്റെ പ്രയാസത്തില്‍ കരുതിക്കൂട്ടി അവള്‍ ജീവന്‍ വെടിഞ്ഞതാണോയെന്ന്.
കാരണം വിവാഹം, ഭാര്യാഭര്‍തൃ ബന്ധം ജീവിതം അങ്ങനെ ഒന്നുമറിയാത്ത പതിനൊന്നുകാരിയെയാണ്, അന്ന് 30 വയസ്സുകാരനായ ഒരു യുവാവിന് വിവാഹം കഴിച്ചു കൊടുത്തത്. ചിലപ്പൊ ആരുമറിയാതെ അവളനുഭവിച്ച വേദനയില്‍ സ്വയം മടുപ്പ് തോന്നിക്കാണും. അല്ലെങ്കില്‍ പിന്നേ എല്ലാവരും കരുതിയത് പോലെ ഒരപകടമരണം.
ആരെയും കുറ്റം പറയാന്‍ കഴിയില്ല, അന്ന് അതായിരുന്നു, രീതി.
ഇന്നാണെങ്കില്‍ ശൈശവ വിവാഹമെന്ന പേരില്‍ എല്ലാവരും ജയിലിലായേനെ.
എങ്കിലും എന്റെ ചിന്തയിലെ വേദനിക്കുന്ന ഒരു കറുത്ത പൊട്ടായി അവളിന്നും നിലനില്‍ക്കുന്നു.
അത് പോലെ മനസ്സിനെ ഏറെ വേദനിപ്പിച്ച ഒരു കല്യാണ ഓര്‍മ കൂടിയുണ്ട്.
ഒരു സ്ത്രീയെ ഭാര്യയാക്കുന്നത് തന്റെ മാംസദാഹം തീര്‍ക്കുന്നതിനും വീട്ടിലെ വെപ്പാട്ടിയാവാനും മാത്രമാണെന്ന പുരുഷ സ്വഭാവം നിലനിന്ന കാലമായിരുന്നു അത്. ഞാനന്ന് എട്ടാം ക്ലാസില്‍ പഠിക്കുന്നു.
അന്ന് ഞങ്ങളുടെ തറവാട് വീട്ടില്‍ രണ്ട് കുടുംബങ്ങള്‍ താമസിച്ചു വന്നിരുന്നു. സാമ്പത്തികമായി നല്ല ശേഷിയുണ്ടായിരുന്ന ഒരു ബന്ധു കുടുംബം കച്ചവടത്തിലൂടെ പെട്ടന്ന് തകര്‍ന്നു പോയി. കിടപ്പാടം പോലും അന്യാധീനപ്പെട്ടതിനാണ് അവര്‍ ഞങ്ങള്‍ താമസിക്കുന്ന വീട്ടിലേക്കെത്തിയത്. അവര്‍ക്കും തറവാട് സ്വത്തില്‍ അവകാശമുണ്ട്.
ആ അവകാശത്തിന്റെ പേരിലാണ് വീട്ടില്‍ വന്ന് താമസിക്കാന്‍ തുടങ്ങിയത്. അവര്‍ക്ക് ആറ് മക്കളുണ്ടായിരുന്നു.
അതില്‍ വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍മക്കളുമുണ്ട്. കുഞ്ഞാമി എന്ന് പേരുള്ള പെണ്‍കുട്ടിയായിരുന്നു ഒരാള്‍.
കറുത്തവളായിരുന്നെങ്കിലും സുന്ദരിയായിരുന്നു. ചെറുവത്തൂര്‍കാരനായ യുവാവാണ് ‘വിവാഹ അന്വേഷണവുമായി വന്നത്. പെണ്ണിനെ കണ്ടു. ഇഷ്ടപ്പെട്ടു. വിവാഹദിവസം അടുക്കാറായി. നെയ്‌ച്ചോറും കോഴിക്കറിയും, കോഴി പൊരിച്ചതുമാണ് പ്രധാന വിഭവം. നാല്‍പതോളം ആളുകള്‍ പുതിയാപ്‌ളയുടെ കൂടെ വരുമെന്ന് പറഞ്ഞു. ബന്ധുക്കളടക്കം നൂറ് പേര്‍ക്കുള്ള ഭക്ഷണം റെഡിയാക്കി വെച്ചു. പലരോടും കടം വാങ്ങിയും മറ്റുമാണ് അന്ന് വിവാഹ ചിലവ് കണ്ടെത്തിയിരുന്നത്.
കുഞ്ഞാമിന പുതിയണ്ണായി ചമഞ്ഞിരിക്കുന്നുണ്ട്. പെട്രോ മാക്‌സിന്റെ വെളിച്ചത്തില്‍, അവളിങ്ങനെ മൊഞ്ചത്തിയായി ഇരുന്നു. പുതിയാപ്ലക്കായി തയ്യാറാക്കിയ മണിയറ അത്ര പെരുമയുള്ളതല്ലായിരുന്നു.
എങ്കിലും അത്യാവശ്യം വേണ്ടുന്ന എല്ലാം അതില്‍ ഒരുക്കിയിട്ടുണ്ട്.
എട്ടു മണിയാവുമ്പോഴേക്കും പുതിയാപ്ലയും കൂട്ടരും വീടിനടുത്തെത്തി. എന്റെ വക കുറച്ച് ഓല വെടി(തത്ത വെടി)കരുതിയിരുന്നു. അത് പൊട്ടിക്കാന്‍ തുടങ്ങി.
നല്ല ശബ്ദമുണ്ടായിരുന്നു. പുതിയാപ്‌ളയെയും കൂടെ വന്നവരെയും ക്ഷണിച്ചിരുത്തി.
നിക്കാഹിന് മുമ്പ് മണിയറ കാണണമെന്ന് പുതിയാപ്ലയുടെ കൂടെ വന്നവര്‍ ആവശ്യപ്പെട്ടു.
അത് അന്നെവിടെയുമില്ലാത്ത സംഭവമാണ്. നിക്കാഹിന് ശേഷമാണ് സാധാരണ പുതിയാപ്ലയെ അറയിലേക്ക് ആനയിക്കുക. ആ നിയമം തെറ്റിച്ച് വന്നവര്‍ മുഴുവന്‍ ആ കൊച്ചു മുറിയിലേക്ക് ഇരച്ചുകയറി. കയറിയ ഉടനെ അവര്‍ അട്ടഹാസങ്ങളും അപവാദങ്ങളും മുഴക്കാന്‍ തുടങ്ങി. അന്ന് കുട്ടികളായ ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ലായിരുന്നു.
എല്ലാവരെയും പോലെ ഞങ്ങളും പകച്ചു നില്‍ക്കുകയായിരുന്നു. പക്ഷേ കുറച്ചു നിമിഷത്തിനുശേഷം
അറ പോരായെന്ന് പറഞ്ഞു കൊണ്ട് പുതിയാപ്ലയും കൂട്ടരും വന്ന വഴിയേ തിരിച്ചു പോയി.
ആര്‍ക്കും ഒന്നും പറയാന്‍ കഴിയുന്നില്ല. പുതിയ പെണ്ണിന്റെ ഉമ്മ നിലവിളിയായി. പുതിയ പെണ്ണ് ചമഞ്ഞിരിക്കുന്ന ആമിത്താന്റെ അടുത്തേക്ക് ഞാന്‍ പതിയെ ചെന്നു നോക്കി. അവള്‍ ഒന്നും മനസ്സിലാകാതെ അമ്പരന്നിരിക്കുകയായിരുന്നു.
ഒടുവില്‍ മനസ്സിലായി ആ വിവാഹം മുടങ്ങിയെന്ന്. ആ നിമിഷത്തെ ആമിത്താന്റെ വിളറിയ മുഖവും നിശ്ചലമായി ഇരുന്ന ഇരുത്തവും ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നുണ്ട്. അന്നായാലും ഇന്നായാലും ചിലപ്പോഴൊക്കെ അങ്ങനെയാണ് ഇല്ലാത്തവന്റെ വേദനയും ആധിയുമൊന്നും ആര്‍ക്കുമറിയേണ്ട. സ്വന്തം കാര്യം അത് തന്നെയാണ് പ്രധാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page