കാസര്‍കോട്: സഹോദരന്റെ വീട്ടിലേക്ക് പുറപ്പെട്ട വീട്ടമ്മയെ കാണാതായതായി പരാതി. ദേലംപാടി സ്വദേശിനി സികെ പാര്‍വതി(72)യെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്. പത്തുമണിയോടെ കര്‍മംതൊടിയിലുള്ള സഹോദരന്റെ വീട്ടില്‍പോകുന്നുവെന്ന് മകള്‍ ധര്‍മാവതിയെ അറിയിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് വിവരമൊന്നും ലഭിക്കാത്തതിനാല്‍ വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തി. കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രാത്രി ആദൂര്‍ പൊലീസിലും പരാതി നല്‍കി. പഴ്‌സ്, ആഭരണങ്ങള്‍ എന്നിവ വീട്ടില്‍ വച്ചാണ് പോയതെന്നു ബന്ധുക്കള്‍ പറയുന്നു. അതിനിടെ ചെരിപ്പ് അടുക്കതൊട്ടി പുഴക്കരയില്‍ നിന്നും കണ്ടെത്തി. പുഴയില്‍ വീണിട്ടുണ്ടാകുമെന്ന സംശയം ബലപ്പെട്ടതോടെ പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ അടുക്കതൊട്ടി പുഴയില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം കെ രാജേഷ് കുമാര്‍ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ സതീശന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പിജി ജീവന്‍, എച്ച് ഉമേശന്‍, അനീഷ് മാത്യു, ഡ്രൈവര്‍ പ്രസീദ്, ഹോംഗാര്‍ഡ് വിജിത്ത് നാഥ്, സോബിന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.