കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് കനത്ത പ്രഹരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി, 2021ല്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സര്‍ക്കാരിന്റെ മറുപടി. എസ്‌ഐടിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങില്‍ പരിശോധിക്കുമെന്നും എസ്‌ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹര്‍ജിയില്‍ ഹൈക്കോടതി താര സംഘടനയായ എഎംഎംഎയെ കക്ഷി ചേര്‍ത്തു. സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി വൈകിയതിലെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് എസ്‌ഐടി സത്യവാങ്മൂലം നല്‍കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അതിനായി പ്രത്യേക ഉത്തരവിറക്കേണ്ടതില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്.