അതിര്‍ത്തിയിലെ പരിശോധനയ്‌ക്ക്‌; രണ്ടു ദിവസം കൂടി ഇളവ്‌

0
32

മഞ്ചേശ്വരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിയ നടപടിയില്‍ കര്‍ണ്ണാടക രണ്ടു ദിവസത്തേയ്‌ക്കു കൂടി ഇളവ്‌ അനുവദിച്ചു. ഇരു സംസ്ഥാനങ്ങളിലെയും റവന്യൂ- പൊലീസ്‌ അധികൃതര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളും കെ പി സി സി സെക്രട്ടറി സുബ്ബയ്യറൈ കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഹരജിഫയല്‍ ചെയ്‌ത സാഹചര്യത്തിലുമാണ്‌ ഇളവ്‌ അനുവദിക്കാന്‍ കര്‍ണ്ണാടക തീരുമാനിച്ചത്‌.
അതേസമയം കാസര്‍കോട്‌ ജില്ലയുമായി പങ്കിടുന്ന 16 പ്രവേശന കവാടങ്ങളില്‍ 12 എണ്ണവും അടച്ചിട്ടിരിക്കുകയാണ്‌. തുറന്നു വച്ച തലപ്പാടി, സാറടുക്ക, നെട്ടണിഗെ പാണത്തൂര്‍ ചെക്കുപോസ്റ്റുകളിലാണ്‌ കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ കര്‍ണ്ണാടകയിലേയ്‌ക്ക്‌ പ്രവേശിക്കുന്നത്‌ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. കര്‍ണ്ണാടകയിലേക്കുള്ള സ്ഥിരം യാത്രക്കാര്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ ടി പി സി ആര്‍ റിപ്പോര്‍ട്ട്‌ കൈയില്‍ കരുതണമെന്നാണ്‌ കര്‍ണ്ണാടക അധികൃതര്‍ നിര്‍ദ്ദേശിച്ചത്‌. മറ്റു യാത്രക്കാര്‍ അതിര്‍ത്തിയില്‍ എത്തുന്നതിനു 72 മണിക്കൂറിനകം പരിശോധന നടത്തി കോവിഡ്‌ ഇല്ലെന്ന റിപ്പോര്‍ട്ടു ഹാജരാക്കണമെന്നുമാണ്‌ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.
ഇതിനെതിരെയാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും പ്രതിഷേധവുമായി ഇറങ്ങിയത്‌.
നിയന്ത്രണത്തില്‍ രണ്ടു ദിവസത്തേയ്‌ക്ക്‌ ഇളവ്‌ നല്‍കിയെങ്കിലും അതിര്‍ത്തിയിലെ പ്രതിഷേധം തുടരുകയാണ്‌. ഇന്നു മുസ്ലീം ലീഗ്‌, യൂത്ത്‌ ലീഗ്‌, കോണ്‍ഗ്രസ്‌, ഡിവൈ എഫ്‌ ഐ,, എ ഐ വൈ എഫ്‌ പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധവുമായെത്തി. കര്‍ണ്ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തലപ്പാടിയില്‍ തടഞ്ഞു. ഇടതു യുവജന സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ എ ഐ വൈ എഫ്‌ സംസ്ഥാന കമ്മറ്റി അംഗം മഹേഷ്‌ കക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു. ഡി വൈ എഫ്‌ ഐ നേതാവ്‌ അജിത്‌ ആധ്യക്ഷം വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആര്‍ ജയാനന്ദ, ദയാകര തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY