തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ നടനും താരസംഘടന ‘എഎംഎംഎ’യുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കെസിഎൽ ലോഞ്ചിംഗിനായി എത്തുന്ന താരം ഉച്ചയ്ക്ക് 12 മണിയോടെ ഹോട്ടൽ ഹയാത്തിൽ വച്ചാവും മാധ്യമങ്ങളെ കാണുക. ‘എഎംഎംഎ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. നടിമാർക്കുണ്ടായ ദുരനുഭവങ്ങളിൽ താരസംഘടനയുടെ അംലംഭാവം ചോദ്യം ചെയ്യപ്പെടുകയും അമ്മ അംഗത്വത്തിനടക്കം നടിമാർ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്ന ആരോപണവും ഉയർന്നു വന്നു.അമ്മയുടെ നേതൃത്വം മുഴുവൻ മാറണമെന്നും സ്ത്രീകൾക്ക് മേൽക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചർച്ചകൾ വന്നു. ഈ സാഹചര്യത്തിലായിരുന്നു മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കൂട്ട രാജി. മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കൂട്ടരാജിക്ക് ശേഷവും നിലപാട് അറിയിക്കാതെ ഒളിച്ചോടി എന്ന രീതിയിൽ മോഹൻലാൽ വലിയ വിമർശനമാണ് നേരിടുന്നതിനിടെയാണ് ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.