കാസര്‍കോട്: എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും മയക്കുമരുന്നും കാറില്‍ കടത്തിയ മദ്യവും പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫും സംഘവും ചെര്‍ളടുക്കയില്‍ നടത്തിയ റെയ്ഡില്‍ 10 ഗ്രാം കഞ്ചാവും 0.045 ഗ്രാം മെത്തഫിറ്റമിനുമായി ചെര്‍ളടുക്ക സ്വദേശി സിഎച്ച് നൗഷാദ് അലി(24)യെ അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ചെര്ളടുക്കയിലാണ് എക്സൈസ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെവി മുരളി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വി പ്രശാന്ത് കുമാര്‍, കെ നൗഷാദ്, കെആര്‍ പ്രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സതീശന് കെ, സോനു സെബാസ്റ്റ്യന്‍, ഡ്രൈവര്‍ ക്രിസ്റ്റിന് പി എ എന്നിവരും റെയ്ഡില്‍ ഉണ്ടായിരുന്നു. അതിനിടെ ചട്ടഞ്ചാലില്‍ ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെവി മുരളിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കാറില്‍ കടത്തിയ കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. ടാറ്റ ഇന്‍ഡിക്ക കാറില്‍ കടത്തുകയായിരുന്ന 34.56 ലിറ്റര്‍ മദ്യവുമായി മുഹമ്മദ് ഷാന്ഫാത്തിനെ എക്സൈസ് പിടികൂടി. ഡ്രൈവര്‍ ക്രിസ്റ്റിന് പി.എ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, മഞ്ജുനാഥന് വി, സതീശന് കെ, പ്രിവന്റീവ് ഓഫീസര്‍മാരായ കെ നൗഷാദ്, കെ ആര് പ്രജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.