ന്യൂഡല്‍ഹി: നേപ്പാളിലെ നുവാക്കോട്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് ചൈനീസ് യാത്രക്കാരടക്കം അഞ്ച് പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും പൈലറ്റായ അരുണ്‍ മല്ലയും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ഒരു മൃതദേഹം തിരിച്ചറിയാനായില്ല. നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം നടന്നതെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അധികൃതര്‍ അറിയിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് റസുവയിലേക്ക് പോവുകയായിരുന്ന 9 എന്‍-എജെഡി എന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്നുച്ചയ്ക്ക് 1.54 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മൂന്ന് മിനിറ്റിനുള്ളില്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ (സിഎഎന്‍) അറിയിച്ചു. ജൂലൈ 24 ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗര്യ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 18 പേരുടെ ജീവന് നഷ്ടമായിരുന്നു.