കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളിയായ വയോധികന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. കൊലപാതകം നടത്തിയ ആളുടെ മൊഴി രേഖപ്പെടുത്തി കോടതി അനുമതിയോടെയായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കോളയാട്, ആലച്ചേരി, എടക്കോട്ട പതിയാരത്ത് ഹൗസില്‍ കരുണാകര(86)ന്റെ മരണമാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സഹതടവുകാരന്‍ പാലക്കാട്, കൊട്ടയാടി സ്വദേശി വേലായുധന്‍ (75) ആണ് കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.
ആഗസ്ത് നാലിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ സെല്ലിനു അകത്തു വീണു കിടക്കുന്ന നിലയിലാണ് കരുണാകരനെ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
പിറ്റേ ദിവസം മരണം സംഭവിച്ചു. വാര്‍ധക്യ സഹജമായ കാരണങ്ങളായിരിക്കും മരണകാരണമെന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് നടത്തിയ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിക്കു തോന്നിയ സംശയമാണ് വിശദമായ അന്വേഷണത്തിനു ഇടയാക്കിയത്. മൃതദേഹത്തില്‍ കാണപ്പെട്ട കരുവാളിപ്പാണ് സംശയത്തിന് ഇടയാക്കിയത്. ഈ സംശയം ഫോറന്‍സിക് സര്‍ജനോട് ഇന്‍സ്‌പെക്ടര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ആന്തരികമായ പരിക്കുകള്‍ കാരണമെന്നു വ്യക്തമായി.
തുടര്‍ന്ന് ജയിലിലെത്തി കരുണാകരന്റെ സഹതടവുകാരനായ വേലായുധനില്‍ നിന്നു മൊഴിയെടുത്തു. സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. വേലായുധന്‍ നടക്കാന്‍ ഉപയോഗിക്കുന്ന വടി, കരുണാകരന്റെ ദേഹത്ത് കൊണ്ടതാണ് വാക്കേറ്റത്തിനു തുടക്കമിട്ടത്. ഇതിനിടയില്‍ വേലായുധന്‍ തന്റെ വടിയെടുത്ത് കരുണാകരന്റെ മുഖത്ത് ശക്തമായി അടിക്കുകയായിരുന്നുവെന്നു അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മാവേലിക്കരയിലെ ചന്ദ്രന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് കരുണാകരന്‍ ജയിലില്‍ എത്തിയത്.