മംഗ്ളൂരു: പതിമൂന്നുകാരിയെ വാടക വീട്ടില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബെളഗാവി സ്വദേശിനിയും പണമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോക്കട്ടയിലെ വാടക വീട്ടില്‍ മാതൃസഹോദരന്റെ കൂടെ താമസക്കാരിയുമായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പണമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാതൃസഹോദരന്റെ കൂടെ താമസിച്ചാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയിരുന്നത്. കൈയില്‍ മുറിവു ഉണ്ടായതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് സ്വദേശത്തേയ്ക്ക് പോയ പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് ജോക്കട്ടയില്‍ തിരിച്ചെത്തിയത്. പതിവുപോലെ മാതൃസഹോദരന്‍ ജോലിക്കു പോയി. തൊട്ടു പിന്നാലെ മാതാവ് അയല്‍വീട്ടിലേയ്ക്ക് ഫോണ്‍ ചെയ്തു. മകളോട് തിരിച്ചു വിളിക്കണമെന്നു പറയാനാണ് വിളിച്ചത്. ഇതു പ്രകാരം അയല്‍വാസി വാടകവീട്ടിലേക്ക് പോയ സമയത്താണ് പെണ്‍കുട്ടിയെ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്. ഇക്കാര്യം മാതാവിനെ ഫോണ്‍ ചെയ്ത് അറിയിച്ചു. മാതാവ് വിവരം സഹോദരനെ ഫോണ്‍ ചെയ്ത് അറിയിച്ചു. അദ്ദേഹമെത്തിയ ശേഷം പണമ്പൂര്‍ പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്ന നിഗമനത്തിലെത്തി. ജോലിക്കു പോകുമ്പോള്‍ സഹോദരി പുത്രി എഴുന്നേറ്റിരുന്നുവെന്നും സ്‌കൂളിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നുമാണ് മാതൃസഹോദരന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. കൊലയാളികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.