ന്യൂഡെല്‍ഹി: പ്രവാസികളുടെ യാത്രാ പ്രയാസങ്ങള്‍ക്ക് അറുതിവരുത്താനുള്ള സംവിധാനങ്ങള്‍ ഉടന്‍ ഉറപ്പാക്കണമെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ലോക്‌സഭയില്‍ പറഞ്ഞു. എയര്‍ഇന്ത്യ എക്സ്പ്രസ് ബുക്ക് ചെയ്ത മലയാളി യാത്രക്കാര്‍ നരകയാതന അനുഭവിക്കുന്നു. വളരെ നാളുകള്‍ക്ക് മുമ്പ് ബുക്ക് ചെയ്ത് ടിക്കറ്റുമായി എയര്‍പോര്‍ട്ടിലെത്തുമ്പോഴാണ് ഫ്ലൈറ്റ് റദ്ദാക്കിയ വിവരം അറിയുക. വീണ്ടും ടിക്കറ്റ് എടുക്കുന്നത് മൂന്നു ഇരട്ടി വരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. പ്രവാസികളുടെ കുറഞ്ഞ അവധി കാലയളവില്‍ അവര്‍ മനസ്സില്‍ കാത്തുവെച്ച കുഞ്ഞു കുഞ്ഞു പരിപാടികള്‍ തകരുന്നു. ഇങ്ങനെ വിസയും, ജോലിയും നഷ്ടപ്പെടുന്നവരുണ്ട്. മരണം, വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത നിരവധി ഹതഭാഗ്യരുണ്ട്. സീസണ്‍ സമയത്ത് ഭീമമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു. യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങുകയോ, വൈകുകയോ ആണെങ്കില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് നഷ്ടപരിഹാരമായി നല്‍കണം. പകരം മറ്റൊരു സംവിധാനം കണ്ടെത്തിക്കൊടുക്കണം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.