കാസർകോട്: ചികിത്സയിലായിരുന്ന പിതാവിൻ്റെ മരണത്തിൽ ദുഃഖിതനായ മകൻ കിണറ്റിൽച്ചാടി ജീവനൊടുക്കി പെർള അടുക്ക അബ്രാജെ കെദുക്കാറിലെ ഈശ്വര നായിക്കി (65)ൻ്റെ മരണവും തുടർന്നു ഇളയ മകൻ യതീശ (35)ൻ്റെ ആത്മഹത്യയും നാടിനെ നൊമ്പരപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് രോഗബാധിതനായിരുന്ന ഈശ്വര നായിക്ക് മരിച്ചത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ദുഃഖാകുലനായ യതീശനെ ആശ്വസിപ്പിച്ചു. തിങ്കളാഴ്ച ശവസംസ്ക്കാരക്രിയകൾക്കു യതീശനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നു മറ്റുമക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്ക്കാരം നടന്നു. അതിനു ശേഷം യതീശനെ കാണാനില്ലെന്നു പൊലീസിൽ പരാതി കൊടുത്തു. തുടർന്നു ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ യതീശൻ്റെ ഫോൺ കെദക്കാറിൽ റോഡ് സൈഡിൽ കണ്ടു. അതിനടുത്തുള്ള കിണറ്റിൽ യതീശൻ്റെ ജഡവും കണ്ടെത്തുകയായിരുന്നു.ഈശ്വര നായിക്കിൻ്റെ ഭാര്യ രണ്ടു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. അതിനു ശേഷം രോഗബാധിതനായിരുന്ന ഈശ്വരനായിക്കിന്റെ പരിചരണത്തിൽ യതീശൻ ശ്രദ്ധാലുവായിരുന്നു. ഇടയ്ക്കു കൂലിപ്പണിക്കും പോകുമായിരുന്നു. സഹോദരൻ പുരുഷോത്തമൻ പെയിൻ്റിംഗ് തൊഴിലാളിയാണ്. ഇരുവരും അവിവാഹിതരുമാണ്. മറ്റൊരു സഹോദരൻ പുറത്തെവിടെയോ ആണ്. രണ്ടു സഹോദരിമാർ വിവാഹിതരാണ്. രണ്ടു വർഷമായി ഈശ്വരനായിക്കും യതീശനും പുരുഷോത്തമനുമാണ് വീട്ടിൽ താമസം. പിതാവിൻ്റെ വേർപാടോടെ ഉടലെടുത്ത നിരാശയും വിഷമവുമായിരിക്കാം ആത്മഹത്യക്കു യതീശനെ പ്രേരിപ്പിച്ചതെന്നു നാട്ടുകാർ കരുതുന്നു. യതീശൻ പിതാവിനെ അത്രമേൽ സ്നേഹിച്ചിരുന്നുവെന്ന് നാട്ടുകാർ ഓർക്കുന്നു.
