പയ്യന്നൂര്‍: സഹകരണ വാരാഘോഷത്തിനിടെ വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തി. പയ്യന്നൂര്‍ കണ്ടോത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. എംഎല്‍എയുടെ പിഎയെ സഹകരണ സംഘത്തിലെ ഭാരവാഹികള്‍ കയ്യേറ്റം ചെയ്തു. തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന്‍ വരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയര്‍മാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്. പിന്നാലെ മന്ത്രി ഇപെട്ടാട്ടാണ് എംഎല്‍എയെ ഉദ്ഘാടകനായി തീരുമാനിക്കണമെന്ന് നിര്‍ദ്ദേശ നല്‍കുന്നത്. പരിപാടിയില്‍ പ്രസംഗിച്ച് തുടങ്ങിയതിന് പിന്നാലെ ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ഇതിനിടെയാണ് വേദിയിലിരുന്ന ചില ആളുകള്‍ അവിടെ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയത്. വീണ്ടും എംഎല്‍എ പ്രസംഗം തുടരുന്നതിനിടെ സദസില്‍ നിന്ന് നിരവധി പേര്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. തുടര്‍ന്നാണ് എംഎല്‍എയുടെ പിഎ പ്രസന്നന് മര്‍ദ്ദനമേറ്റത്. പ്രസംഗം തടസപ്പെടുത്തിയതിലും പിഎയെ തല്ലിയതിലും പ്രതിഷേധിച്ച് പരിപാടി നടക്കുന്ന സ്ഥലത്ത് എംഎല്‍എയും സംഘവും സത്യാഗ്രഹമിരുന്നു. പേഴ്സണല്‍ സ്റ്റാഫിനെ കൈയേറ്റം ചെയ്തതു അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ എംഎല്‍എ സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.തുടര്‍ന്ന് നടപടി എടുക്കാമെന്ന പൊലീസിന്റെ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. തന്നെ ബോധപൂര്‍വം അപമാനിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നതെന്ന് എംഎല്‍എ പ്രതികരിച്ചു.









