കോഴിക്കോട്: മലയാള സിനിമാ പ്രേക്ഷകരുടെ ഹരവും കണ്ണിലുണ്ണിയുമായിരുന്ന ജയന്റെ വിയോഗത്തിന് ഇന്ന് (തിങ്കള്‍) 46 വര്‍ഷം. 1980 നവംബര്‍ 16ന് 42-ാം വയസ്സിലാണ് ജയന്‍ ജീവതത്തോട് വിട വാങ്ങിയത്. എന്‍. സുന്ദരം സംവിധാനം ചെയ്ത ‘കോളിളക്കം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ചെന്നൈ, ഷോളവാരത്തുണ്ടായ അപകടത്തിലാണ് ജയന്‍ എന്ന അതുല്യ നടന്റെ ജീവന്‍ പൊലിഞ്ഞത്. ചിത്രത്തിലെ അതിസാഹസിക രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ തൂങ്ങി വില്ലന്‍ കഥാപാത്രമായ ബാലന്‍.കെ.നായരെ വലിച്ചു താഴേക്ക് ഇടാന്‍ ശ്രമിക്കുന്ന രംഗം അഭിനയിക്കുന്നതിനിടയില്‍ ഹെലികോപ്ടര്‍ നിയന്ത്രണം തെറ്റി വീഴുകയായിരുന്നു.

സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന നടനായിരുന്നു ജയന്‍. അദ്ദേഹത്തിന്റെ അകാലത്തെ അപകടമരണം മലയാള സിനിമയില്‍ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, വിന്‍സെന്റ്, രവി കുമാര്‍, മധു, കമലഹാസന്‍ തുടങ്ങിയവര്‍ നായകരായി അഭിനയിച്ച ചിത്രങ്ങളിലെല്ലാം പ്രതിനായകന്റെ റോളിലെത്തിയ ജയന്‍ സിനിമാ പ്രേമികള്‍ക്കു ഹരവും ആവേശവുമായിരുന്നു. മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറായ കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ 120ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1974ല്‍ പുറത്തിറങ്ങിയ ‘ശാപമോക്ഷം’എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചത്. ശരപഞ്ചരം, അങ്ങാടി, കോളിളക്കം, മനുഷ്യമൃഗം, ചാകര, മൂര്‍ഖന്‍, ഏതോ ഒരു സ്വപ്നം, വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം, കരിമ്പന, പഞ്ചമി, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, ഇതാ ഇവിടെ വരെ, ഇടിമുഴക്കം, ബെന്‍സ് വാസു, ശക്തി, നായാട്ട്,മീന്‍, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയവയാണ് ജയന്റെ അഭിനയത്തിളക്കം വിളിച്ചോതുന്ന പ്രധാന ചിത്രങ്ങള്‍.








