മംഗളൂരു വിമാനത്താവളത്തിനടുത്തെ വിജന സ്ഥലത്ത് തലയോട്ടിയും അസ്ഥികൂടവും; ഒക്ടോബര്‍ 27ന് കാണാതായ വിമാനത്താവളം ജീവനക്കാരന്റേതാണെന്ന് സംശയം, സുഹൃത്തിനു വേണ്ടി പൊലീസ് അന്വേഷണം

മംഗളൂരു: ബജ്‌പേയിലെ മംഗളൂരുവിമാനത്താവളം പഴയ റോഡിലെ വിജന സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി. ഒക്ടോബര്‍ 27നു കാണാതായ യുപി സ്വദേശിയും മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എസ്‌കലേറ്റര്‍ ഓപ്പറേറ്ററുമായിരുന്ന മനീഷ് ശര്‍മയുടെ അസ്ഥികൂടമാണെന്ന് പൊലീസ് സംശയിക്കുന്നു.
ഒക്ടോബര്‍ 27ന് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മനേഷ് ശര്‍മ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ശ്രാവണിനു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്ന് രാത്രിയാണ് മനീഷ് ശര്‍മയെ കാണാതായത്.

ഒക്ടോബര്‍ 27നു മനീഷിന്റെ സഹോദരന്‍ സോനു ശര്‍മ ബംഗളൂരുവില്‍ നിന്ന് സഹോദരന്‍ മനീഷ് ശര്‍മയെ ഫോണില്‍ ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന് സന്ദേശമായിരുന്നു ലഭിച്ചത്. തുടര്‍ന്ന് സോനുശര്‍മ്മ മംഗളുരുവിമാനത്താവളത്തിലെ എസ്‌കലേറ്റര്‍ ഓപ്പറേഷന്‍ കരാറെടുത്തിട്ടുള്ള സോമശേഖറുമായി ബന്ധപ്പെട്ടപ്പോഴാണ് ജോലി കഴിഞ്ഞ മനീഷ് തന്റെ സുഹൃത്തായ ശ്രാവണുമൊത്ത് മടങ്ങിയെന്ന വിവരം ലഭിച്ചത്.
ഒക്ടോബര്‍ 30ന് സോനുശര്‍മ്മ അനുജനെ തേടി ബംഗളൂരുവില്‍ നിന്നും മംഗളൂരുവിലെത്തി. തിരച്ചിലിനിടയില്‍, മനീഷ് ശര്‍മയെ കാണാതായതിനെ തുടര്‍ന്ന് എക്‌സലേറ്റര്‍ ഓപ്പറേറ്ററായി നിയമിതനായ ബീഹാര്‍ സ്വദേശി ബൈജുലാലിനെ കണ്ടു. ഒക്ടോബര്‍ 27ന് രാത്രി എട്ടുമണിയോടെ തന്റെ ബൈക്കിലാണ് മനീഷിനെ കൂട്ടിക്കൊണ്ടുപോയിരുന്നതെന്ന് അയാള്‍ സോനുവിനെ അറിയിച്ചു. നവംബര്‍ ഒന്നിന് സഹോദരനെ 27ന് കാണാതായെന്ന് സോനു ബജ്‌പെ പൊലീസില്‍ പരാതിപ്പെട്ടു. മനീഷിനെ കാണാതായതിന് പിന്നില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നറിയാന്‍ സോനു തങ്ങളുടെ പിതാവിനോട് മനീഷിന്റെ ബാങ്ക് ഇടപാട് പരിശോധിക്കാന്‍ അഭ്യര്‍ത്ഥിച്ചു. പരിശോധനയില്‍ ഒക്ടോബര്‍ 27ന് മനീഷിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ടുതവണയായി 63,000 രൂപയും 720 രൂപയും രാജന്‍ എന്നൊരാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. അന്നുതന്നെ ആ പണം രാജന്റെ അക്കൗണ്ടില്‍ നിന്ന് ശ്രാവണിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തുകയായിരുന്നു.
ഇതിനിടയിലും മനീഷിനെ കണ്ടെത്തുന്നതിന് പൊലീസിനെയും കൂട്ടി സോനു തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. മംഗളൂരുവിമാനത്താവളത്തിന്റെ പഴയ റോഡില്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിെക്കെ ചീഞ്ഞളിഞ്ഞ മനുഷ്യ ശരീരത്തിന്റെ ദുര്‍ഗന്ധം അനുഭവപ്പെട്ടു. അന്വേഷണത്തില്‍ മൺറോഡിനടുത്ത് പൊട്ടക്കിണറ്റില്‍ നിന്നാണ് ദുർഗന്ധം ഉയരുന്നത് എന്ന് തിരിച്ചറിയുകയും പരിശോധനയില്‍ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കണ്ടെത്തുകയുമായിരുന്നു. അവിടെനിന്ന് കണ്ടെത്തിയ വസ്ത്രങ്ങള്‍ മനീഷിന്റെതാണെന്ന് സഹോദരന്‍ സോനു തിരിച്ചറിഞ്ഞു. തലയോട്ടി മനീഷിന്റേതു തന്നെയാണോ എന്ന് ഉറപ്പാക്കാനും മനീഷിനെ കാണാതായ സാഹചര്യവും ശ്രാവണിനു വേണ്ടിയും പൊലീസ് സമഗ്ര അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആയംപാറയുടെ അഭിമാനമായികെ.സംഗീത് നാളെഎസ് ഐ തൊപ്പിയണിയും; ഗ്രാമത്തില്‍ നിന്നു ആദ്യമായി എസ്‌ഐ യാകുന്ന യുവാവിന് കരുത്തായത് വോളിബോളും എന്‍സിസിയും, പാസിംഗ് ഔട്ട് പരേഡിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളും കുടുംബവും തൃശൂരിലേക്ക്
Scroll to top

You cannot copy content of this page