പത്തനംതിട്ട: മണ്ഡലപൂജ- മകരവിളക്ക് മഹോത്സവങ്ങള്‍ക്ക് ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. ശബരിമലയിലും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാര്‍ ഇന്ന് വൈകിട്ട് ചുമതലയേല്‍ക്കും. ചൊവ്വാഴ്ച 3 മണി മുതലാണ് അയ്യപ്പഭക്തന്മാര്‍ക്ക് ശബരിമലയില്‍ ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ഇതിനിടയില്‍ സംസ്ഥാനത്തു നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്ഥാടകര്‍ ഇന്ന് പമ്പയില്‍ തങ്ങും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തന്ത്രിമാരുടെ അധികാര കൈമാറ്റത്തിന് ഇന്ന് അഞ്ചു മണിക്ക് നട തുറക്കും. സ്ഥാനമൊഴിയുന്ന മേല്‍ശാന്തി ഇ.ഡി പ്രസാദ് ക്ഷേത്രം തുറന്ന് സന്നിധാനത്ത് ഭദ്രദീപം തെളിയിക്കും. തന്ത്രികണ്ഠരര് ബ്രഹ്‌മദത്തന്‍ സന്നിഹിതനായിരിക്കും.
തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങുന്ന അദ്ദേഹം ആഴിക്ക് അഗ്‌നിപകരും. തുടര്‍ന്ന് പുതിയ മേല്‍ശാന്തി അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെ സന്നിധാനത്തേക്ക് ആനയിക്കും. 6 30വോടെ മേല്‍ശാന്തിയുടെ ചുമതല അദ്ദേഹത്തിന് കൈമാറും. ഇതേ ചടങ്ങുകള്‍ മാളികപ്പുറം ക്ഷേത്രത്തിലും നടക്കും. എ ദാമോദരന്‍ നമ്പൂതിരിയാണ് മാളികപ്പുറത്തെ പ്രധാന മേല്‍ശാന്തി. ഇതോടെ ആദ്യ ദിവസത്തെ ചടങ്ങുകള്‍ അവസാനിക്കും.
ചൊവ്വാഴ്ച മൂന്നുമണിക്ക് മണ്ഡലതീര്‍ത്ഥാടനം ഔപചാരികമായി ആരംഭിക്കും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് നട അടക്കും. പിന്നീട് 30ന് 5 മണിക്ക് മകരവിളക്ക് തീര്‍ത്ഥാടനത്തിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.
മകരവിളക്കിനു ശേഷവും ജനുവരി 19 വരെ തീര്‍ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരം നല്‍കും. 20ന് മകരവിളക്ക് മഹോത്സവത്തിന് ശേഷം നട അടക്കും.
80,000 തീര്‍ത്ഥാടകര്‍ക്കാണ് ഒരു ദിവസം ക്ഷേത്രദര്‍ശനം അനുവദിക്കുന്നത്. എല്ലാ തീര്‍ത്ഥാടകര്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.








