ബംഗളൂരു: വിവാഹ ക്ഷണക്കത്ത് നൽകാൻ പോയ 29കാരിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു. ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ദീപാഞ്ജലിനഗറിലുണ്ടായ അപകടത്തിലാണ് സോഫ്റ്റ്വെയർ എൻജിനീയറായ സിന്ധുശ്രീയും (29), പിതൃസഹോദരിയുടെ മകളായ വിദ്യയും (19) മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ലോറിയിടിക്കുകയായിരുന്നു. അവസാന വർഷ ഡിപ്ലോമ വിദ്യാർത്ഥിനിയായിരുന്നു മരിച്ച വിദ്യ. വ്യാഴാഴ്ച ‘അരശിന ശാസ്ത്ര’ (ഹൽദി), ‘ബാലെ ശാസ്ത്ര’ എന്നീ ചടങ്ങുകളോടെ സിന്ധുശ്രീയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകേണ്ടതായിരുന്നു. ഞായറാഴ്ച വിവാഹ സൽക്കാരവും നിശ്ചയിച്ചിരുന്നു. ഇതിനായി കുടുംബം വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, അയൽവാസിയുടെ ഇരുചക്രവാഹനം വാങ്ങിയാണ് സിന്ധുശ്രീ ബന്ധുവിന് വിവാഹ ക്ഷണക്കത്ത് നൽകാൻ പോയത്. യാത്രയ്ക്കിടെ ലോറി ഇവരുടെ വാഹനത്തിൽ ഇടിക്കുകയും, റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.








