വീണ്ടും കോവിഡ് ഭീതിയിൽ ലോകം, പുതിയ വകഭേദം ‘പിജെ.2.1’, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ പടരുന്നു

ന്യൂയോർക്ക്: വീണ്ടും ആശങ്ക പരത്തി കോവിഡ് കാലം എത്തുന്നു. കോവിഡ്-19 മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ലോകം പൂർണ്ണമായും മുക്തി നേടിയിട്ടില്ല. അതിനിടെ കോവിഡ്-19 പുതിയ വകഭേദത്തിന്റെ ആശങ്കയിലാണ് ലോകം. കാനഡയിൽ ആദ്യമായി കണ്ടെത്തിയ ‘പി ജെ .2.1’ എന്ന പുതിയ സാർസ്-കോവ്-2 വകഭേദം ആണ് പല രാജ്യങ്ങളിലും പടരുന്നത്. യുഎസ്, സിംഗപ്പൂർ, ഓസ്ട്രേലിയ, ഫ്രാൻസ്, സ്പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ഇതിനോടകം ഈ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബറിൽ ‘ജേണൽ ഓഫ് ഇൻഫെക്ഷനിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ ഈ വകഭേദത്തിന്റെ വ്യാപനം, സവിശേഷതകൾ, പുതിയ വാക്സിനുകൾ നൽകുന്ന പ്രതിരോധശേഷി എന്നിവയെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. നിലവിൽ കാനഡയ്ക്കും യുഎസിനും പുറമേ സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇസ്രയേൽ, ഫ്രാൻസ്, സ്പെയിൻ തുടങ്ങി ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങളിലും ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യാന്തര തലത്തിലുള്ള രോഗവ്യാപന വിവരങ്ങൾ ഇന്ത്യയും സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. സ്പെയിനിൽ പ്രാദേശികതലത്തിൽ വൻതോതിൽ വൈറസ് പടരുന്നതായി റിപ്പോർട്ടുകളുണ്ട്. മനുഷ്യകോശങ്ങളിലേക്ക് വളരെ പെട്ടെന്ന് പകരാനുള്ള പ്രത്യേക കഴിവാണ് ഇതിന്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് കാരണമെന്ന് ലാബ് പഠനങ്ങൾ പറയുന്നു. എങ്കിലും, ഇത് എത്രത്തോളം ഗുരുതരമായ രോഗാവസ്ഥ ഉണ്ടാക്കുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല.
ഉയർന്ന പനി അല്ലെങ്കിൽ തണുപ്പ് അനുഭവപ്പെടൽ, രൂക്ഷമായ ചുമയും തൊണ്ടവേദനയും, മൂക്കടപ്പ്, മൂക്കൊലിപ്പ്, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന, ശ്വാസതടസ്സം, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ, അപൂർവമായി രുചിയും മണവും നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page