കണ്ണൂര്‍: ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നു പറയുന്നു, 23 കാരിയെ ഭര്‍ത്താവ് കഴുത്തു ഞെരുക്കി കൊലപ്പെടുത്തി. കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചിറ്റാരിപ്പറമ്പ്, ചേലത്തുവയലിലെ വാടക വീട്ടിൽ താമസക്കാരിയായ സജേദ ഖട്ടൂണ്‍ (23) ആണ് കൊല്ലപ്പെട്ടത്. ആസാം, ബാഗുലമറി, ദണ്ഡാല ബഡാര്‍ സ്വദേശിനിയാണ്. സംഭവത്തില്‍ ആസാം സ്വദേശിയായ ഭര്‍ത്താവ് റഫീജുല്‍ ഇസ്ലാമി (26)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളും ഭാര്യയും മകനും ഒന്നര വര്‍ഷമായി ചിറ്റാരിപ്പറമ്പ്, ചേലത്തുവയലിലെ വാടക വീട്ടിലാണ് താമസം.

ഇന്നലെ രാത്രി കുടുംബ വഴക്കിനെ തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയായിരുന്നുവെന്നു കണ്ണവം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കലഹം മൂത്തതോടെ റഫീജുല്‍ ഭാര്യയുടെ കഴുത്തു ഞെരുക്കി കൊലപ്പെടുത്തിയ ശേഷം വിവരം കട ഉടമയെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം ഉടൻ പൊലീസിനെ വിവരം അറിയിച്ചു.
എസ് ഐ ലതീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു സജേദ. ഉടന്‍ തന്നെ ആംബുലന്‍സില്‍ കയറ്റി കൂത്തുപറമ്പ് ഗവ.ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് റഫീജുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികളുടെ കൂടെ താമസിച്ചിരുന്ന മകനെ അധികൃതര്‍ ‘സഖി’ കേന്ദ്രത്തിലേയ്ക്കു മാറ്റി.








