കണ്ണൂര്‍:ആഡംബരബൈക്കിലും സ്കൂട്ടറിലും കടത്താൻ ശ്രമിച്ച എം.ഡി.എം.എ യുമായി മൂന്നുപേർ അറസ്റ്റിൽ . പള്ളിക്കുന്ന് കുന്നത്തൂര്‍ ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണ ഗാര്‍ഡനില്‍ ഉദയ കൃഷ്ണ (25), ചാലാട് മണല്‍ കൃഷ്ണ റോഡ് ഹാജിദ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.വിഷ്ണു (26), പള്ളിക്കുന്ന് ഇടച്ചേരി മുത്തപ്പന്‍ കാവിന് സമീപത്തെ പാര്‍വതി നിവാസില്‍ പി.ഹൃതിന്‍ എന്ന കുട്ടു (27) എന്നിവരെയാണ് ടൗൺ പൊലീസ് ഇൻസ്പെക്ടർ ടി.കെ. അഖിലും സംഘവും അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് 51.54 ഗ്രാം എം.ഡി.എം.എ പിടികൂടി. നൈറ്റ്പട്രോളിംഗ് ഡ്യൂട്ടി ചെയ്യവെ കണ്ണൂര്‍ സിറ്റി ഡാന്‍സാഫ് സംഘമാണ് തളാപ്പ് ഗ്രീന്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പിന്നിലായുള്ള റോഡില്‍ വാഹനങ്ങളില്‍ യുവാക്കളുടെ സംഘം മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരം അറിയിച്ചത്. പൊലീസിനെ കണ്ടതോടെ സ്‌കൂട്ടറിന്റെ മുകളിലിരുന്ന യുവാവ് വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചുപോകാന്‍ ശ്രമിച്ചു. മറ്റ് രണ്ടുപേര്‍ ഓടിപ്പോകാനും ശ്രമം നടത്തി. ഇവരെ പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ഇതിനിടയിൽ സ്‌കൂട്ടറില്‍ നിന്ന് വീണ യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനങ്ങളും ഡിജിറ്റല്‍ ത്രാസ്, പ്ലാസ്റ്റിക്ക് സ്പൂണ്‍ എന്നിവയും കസ്റ്റഡിയിലെടുത്തു. ഇവരുടെ ഫോണില്‍ എം.ഡി.എം.എ വാങ്ങിയതിന്റെ മുന്‍കാല കണക്കുകളും ചാറ്റുകളും പണമിടപാടിന്റെ വിവരങ്ങളും കാണപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
എസ്.ഐ: ഹരികൃഷ്ണന്‍, സി.പി.ഒമാരായ നിതിന്‍, സജേഷ്, നിഷാന്ത്, ഡാന്‍സാഫ് എസ്.ഐ: ഷജീം, എ.എസ്.ഐമാരായ അജിത്ത്, മഹേഷ്, സി.പി.ഒമാരായ ഹരിനാഥ്, വിജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കണ്ണൂര്‍ എ.സി.പി: എം.പി.ആസാദ്, ടൗണ്‍ സി.ഐ: മഹേഷ് കണ്ടമ്പേത്ത് എന്നിവര്‍ പ്രതികളെ ചോദ്യംചെയ്തു.








