ചെന്നൈ: തമിഴ്‌നാട് തേനിയില്‍ പൊലീസുകാരനെ തല്ലിക്കൊന്നു. റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ദീപാവലി റീല്‍സ് ചിത്രീകരിക്കുന്നത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നത്. തേനിയിലെ സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാറാണ് കൊല്ലപ്പെട്ടത്. തേനിക്കു സമീപം സമതര്‍മ്മപുരത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന നാല് യുവാക്കളെ തേനി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി യുവാക്കള്‍ പൊതുറോഡില്‍ വാഹനങ്ങള്‍ തടഞ്ഞിട്ട് പടക്കം പൊട്ടിക്കുകയും ഇത് മൊബൈല്‍ ഫോണില്‍ റീല്‍സായി ചിത്രീകരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള റീല്‍സ് ചിത്രീകരണവും പടക്കം പൊട്ടിക്കലും നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാന്‍ യുവാക്കള്‍ തയ്യാറായില്ല. പ്രകോപിതരായ സംഘം പൊലീസുകാരനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സെന്തില്‍കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.








