പാലക്കാട്: വീടിന്റെ പില്ലറിനായി കുഴിച്ച വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടൂര്‍ പാലക്കീഴ് ജഗദീഷിന്റെയും തുളസിയുടെയും മകള്‍ അനുശ്രീ(5) ആണ് മരിച്ചത്. വീടിന് സമീപം കളിക്കുന്നതിനിടെ കുട്ടി പില്ലര്‍ കുഴിയിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. വീടിനു മുന്നിൽ കെട്ടിട നിർമ്മാണത്തിനായി വലിയ കുഴിയെടുത്തിരുന്നു. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീഴുകയായിരുന്നു. കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടി കുഴിയിൽ നിന്ന് പിടയുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.








