സുള്ള്യ: ജീവനൊടുക്കാന്‍ പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. പുഴയിലുണ്ടായിരുന്ന മുതല യുവതിയെ കടിച്ചതായി പൊലീസ് പറഞ്ഞു. കുക്കെ സുബ്രഹ്‌മണ്യയിലെ കുമാരധര പാലത്തിന് സമീപം ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ രേഖ(38) ആണ് ആത്മഹത്യയ്ക്ക് ശമിച്ചത്. വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാനസികവിഷമത്തിലായിരുന്ന യുവതി ജീവനൊടുക്കണമെന്ന ഉദ്ദേശത്തോടെ പുഴയിലേയ്ക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ യുവതിയെ പുഴയിലുണ്ടായിരുന്ന മുതല കടിച്ചു. മുതലയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി നദിയില്‍ കിടന്ന് തന്നെ രക്ഷിക്കണമെന്ന് ഉറക്കെ നിലവിളിക്കുകയായിരുന്നു. സമീപത്തെ ലോഡ്ജിലെ ജീവനക്കാരാണ് സുബ്രഹ്‌മണ്യ പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ നദിയില്‍ നിന്ന് കരയില്‍ കയറ്റി. തുടര്‍ന്ന് അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് യുവതിയുടെ കുടുംബത്തെ വിവരമറിയിച്ചു. പരിക്ക് ഗുരുതരമായിരുന്നില്ല. തുടര്‍ന്ന് കൗണ്‍സിലിംഗിന് ശേഷം യുവതിയെ കുടുംബത്തിനൊപ്പം അയച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.








