മംഗളൂരു: കാറില്‍ കടത്തിയ 3.8 കിലോ കഞ്ചാവുമായി 23 കാരന് പിടിയില്‍. പുത്തൂര്‍ താലൂക്കിലെ പഡ്നൂര്‍ പോസ്റ്റ് പഡ്ഡയൂരിലെ മുഹമ്മദ് നിസാര്‍ (23) ആണ് അറസ്റ്റിലായത്. ജോക്കാട്ടെ ക്രോസ് റെയില്‍വേ പാലത്തിന് സമീപത്തുവച്ചാണ് യുവാവ് കഞ്ചാവുമായി പനമ്പൂര്‍ പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് പൊലീസ് വാഹന പരിശോധന നടത്തിവരികയായിരുന്നു. കാസര്‍കോട് രജിസ്ട്രേഷന് നമ്പറുളള സ്വിഫ്റ്റ് കാറിലാണ് നിസാര്‍ എത്തിയത്. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂറത്ത്കല്‍, പനമ്പൂര്‍, കാവൂര്‍, മംഗളൂരു നഗരത്തിലെ മറ്റ് പ്രധാന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. യുവാക്കള്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കുമാണ് കഞ്ചാവ് ചില്ലറയായി എത്തിച്ചിരുന്നത്. മംഗളൂരുവില്‍ നേരത്തെ പലതവണ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായും പ്രതി സമ്മതിച്ചു.








