ന്യൂഡൽഹി:”വിമാന നിരക്ക് കൂടുതലാണെങ്കിൽ വിമാന യാത്ര വേണ്ടെന്ന് വയ്ക്കൂ”എന്ന സുപ്രീംകോടതി പരാമർശം പ്രവാസികൾക്കിടയിൽ ആശങ്കവർധിപ്പിച്ചു. ദീപാവലിയും, ക്രിസ്മസും ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച കോടതി യുടെ പരാമർശം പ്രവാസികളെ വേദനിപ്പിക്കുന്ന തരത്തിലായിപ്പോയെന്നു പ്രവാസികൾ പറയുന്നു.
അതിനിടെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നാൽ അടിയന്തരഘട്ടങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാറിന് അധികാരം നൽകുന്ന പുതിയ ചട്ടങ്ങൾ രാജ്യത്ത് നിലവിൽ വന്നത് പ്രവാസികൾക്ക് ശുഭപ്രതീക്ഷ നൽകിയിട്ടുണ്ട്. “ഭാരതീയ വായു യാൻ നിയമം-2026” ലെ ചട്ടങ്ങൾ പ്രകാരമാണ് പുതിയ പരിഷ്കാരം. അസാധാരണ സാഹചര്യങ്ങളിൽ സർക്കാറിന്റെ ഇടപെടൽ ആവശ്യമെന്ന് കരുതുന്ന പക്ഷം വിമാന കമ്പനികൾക്ക് നിരക്കുകൾ സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ നൽകാൻ കേന്ദ്രത്തിന് ഈ നിയമം വഴി സാധിക്കും.2027 ജനുവരി ഒന്നിന് പുതിയ ചട്ടം പ്രാബല്യത്തിൽ വരും.
പശ്ചിമേഷ്യൻ സംഘർഷം മൂലം സൗദി അറേബ്യയിലെ പ്രവാസികൾക്ക് ഇപ്പോൾ നാട്ടിലെത്താൻ ഒരു ലക്ഷത്തിലേറെ രൂപയാണ് ടിക്കറ്റ് നിരക്ക്.ഇത് പ്രവാസികൾക്കിടയിൽ വലിയ പ്രതി സന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഉത്സവ സീസണുകളിലും ഇതേ അവസ്ഥയാണ് ഉള്ളത്. സുപ്രീംകോടതിയിൽ പരിഗണലിരിക്കുന്ന ഈ കേസിൽ അടുത്ത വാദം കേൾക്കുമ്പോൾ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ സർക്കാർ നിലപാട് വിശദീകരിക്കും.








