കാസര്‍കോട്: റിട്ട. എസ്പി പി പി സദാനന്ദന്‍ തെളിയിച്ച പ്രമാദമായ കൊലക്കേസ് സിനിമയാകുന്നു. സദാനന്ദന്‍ തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരുകൊലക്കേസാണ് വെള്ളിത്തിരയിലെത്തുന്നത്.
സര്‍വ്വീസില്‍ നിന്നു വിരമിച്ചതിനു ശേഷം പി പി സദാനന്ദന്‍ രചിച്ച ‘സത്യത്തിന്റെ നേര്‍സാക്ഷി’എന്ന പുസ്തകത്തിലെ ഒരു അധ്യായമാണ് സിനിമയാകുന്നത്. ശ്രീകണ്ഠാപുരം സ്വദേശിയും ഇംഗ്ലണ്ടിലെ എന്‍ഡോ ക്രൈനോളജിസ്റ്റുമായ ഡോ.പാപ്പാച്ചന്‍ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അന്തര്‍സംസ്ഥാന പുരസക്കാരങ്ങള്‍ നേടിയ ‘പനി’ (2018),’ബുള്ളറ്റ് ഡയറീസ്’ (2023) എന്നീ സിനിമകളുടെ സംവിധായകനായ സന്തോഷ് മണ്ടൂരാണ് സംവിധായകന്‍. സദാനന്ദന്‍,പാപ്പച്ചന്‍ ജോസഫ്, സന്തോഷ് മണ്ടൂര്‍ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, നിഷാന്ത് സാഗര്‍, ഹരീഷ് കണാരന്‍, സിബി തോമസ്, സന്തോഷ് കീഴാറ്റൂര്‍, ദുര്‍ഗ്ഗ, നിഷ സാരംഗ്, ഐശ്വര്യ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിമൂങ്ങ, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ജിബു ജേക്കബ്ബ് സിനിമാട്ടോഗ്രാഫി നിര്‍വ്വഹിക്കുന്നു. തളിപ്പറമ്പ്, പരിയാരം, പട്ടുവം തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്നു. സര്‍വ്വീസിലിരിക്കെ ഒട്ടേറെ പ്രമാദമായ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് പി പി സദാനന്ദന്‍.








