വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ഡെമോക്രാറ്റിക് പാര്‍ട്ടി കേവല ഭൂരിപക്ഷം മറികടന്ന് സെനറ്റ് പിടിച്ചെടുത്തു. ഇതോടെ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയം ആണ് ഡമോക്രാറ്റുകള്‍ നേടിയത്. ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി അടക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒട്ടേറെ പ്രമുഖര്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ആറിലധികം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീറ്റുകളാണ് ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത്. ടെക്സാസ്, കന്‍സാസ്, അയോവ, ഒഹായോ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന തുടങ്ങിയ സീറ്റുകളിലാണ് ഡെമോക്രാറ്റുകള്‍ അട്ടിമറി വിജയം നേടിയത്. ജനപ്രതിനിധി സഭയിലും ഡെമോക്രറ്റുകള്‍ മുന്നേറ്റം തുടരുകയാണ്. സെനറ്റിലെ തോല്‍വി ട്രംപിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. അമേരിക്കയിലെ ഉയരുന്ന ജീവിതച്ചെലവ് ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചാരണം നടത്തിയത്. ‘താന്‍ ഒരു സ്ഥാനാര്‍ഥി ആയി ബാലറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍ വിജയം നെടുമായിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഡെമോക്രാറ്റുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് ട്രംപ് സമ്മതിച്ചു. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നു അദ്ദേഹം പറഞ്ഞു.








