ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചുവെന്നാരോപിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. യെലഹങ്കയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
സംഭവത്തില്‍ ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദിന്‍റെ 19 കാരിയായ മകളുമായി കിരൺ ദീർഘകാലമായി പ്രണയത്തിലായിരുന്നു. കിരണിനെ രണ്ടുദിവസം മുമ്പ് കാണാതായിരുന്നു. തുടർന്ന് ബന്ധു പൊലീസില്‍ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കിരണിന്‍റെ മരണവിവരം പുറത്തറിയുന്നത്. സ്വീറ്റ് കോൺ തയ്യാറാക്കുന്ന മെഷീൻ നിർമിക്കുന്ന കമ്പനി നടത്തിവരികയായിരുന്നു ആനന്ദ്. തമിഴ്നാട് സ്വദേശിയായ ആനന്ദ് ബെംഗളൂരു എലഹങ്കയിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ആനന്ദന്റെ കമ്പനിയിൽ കിരൺ ജോലി ചെയ്തുവരികയായിരുന്നു. കിരണിന്‍റെ സഹോദരൻ ഹൃതിക്കും ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
മൈസൂരുവിൽ പഠിക്കുകയായിരുന്ന 19കാരി കഴിഞ്ഞ ദിവസം അവധിക്ക് ബംഗളൂരുവിലെത്തിയിരുന്നു. കിരണിനെയും മകളെയും വീട്ടിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടതാണ് ആനന്ദനെ പ്രകോപിപ്പിച്ചത്. ആനന്ദ് മകളെ ഉടൻതന്നെ ചിക്കബെല്ലാപുരിയിലെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റി.
ശേഷം വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റും പൈപ്പുമെല്ലാം ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദ്ദിച്ചു. ബോധരഹിതനായ കിരണിനെ ആനന്ദ് തന്നെയാണ് ഓട്ടോയിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കിരൺ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിരണിന്‍റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യെലഹങ്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിദ്ധാർത്ഥന്റെയും ശബരിയുടെയും മകനാണ് കിരൺ. ഋത്വിക്, കൃപ എന്നിവർ സഹോദരങ്ങളാണ്.








