കാസര്‍കോട്: ചേരാനല്ലൂരില്‍ 17 കാര്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കുട്ടിഡ്രൈവര്മാര്ക്കെതിരെയുള്ള നടപടി ശക്തമാക്കുന്നു. ചൊവ്വാഴ്ച കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ.കാര്‍ത്തികിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം നടന്ന റെയ്ഡുകളില് 51 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ കോഴിക്കോടും കാസര്‍കോടും ആണ് രജിസ്റ്റര്‍ചെയ്തത്. കോഴിക്കോട് 14 കേസുകളും കാസര്‍കോട് 13 കേസുകളും രജിസ്റ്റര്‍ചെയ്തു. കോഴിക്കോട് സിറ്റി-05, വയനാട്-1, കണ്ണൂര്‍ സിറ്റി-12, റൂറല്‍-06 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റോഡപകടങ്ങള്‍ തടയുന്നതിന്റെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഉപയോഗിക്കുന്നത് നിയമപരമായി കര്‍ശനമായി തടയുന്നതിന്റെയും ഭാഗമായാണ് റേഞ്ച് പരിധിയില്‍ ഈ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്കുന്ന മാതാപിതാക്കള്‍ക്കും വാഹന ഉടമകള്‍ക്കും എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡിഐജി അറിയിച്ചു. വരുന്ന ദിവസങ്ങളിലും റേഞ്ച് പരിധിയില്‍ ഇത്തരം പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടങ്ങള്‍ നിത്യ സംഭവമായിട്ടും മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ഗൗരവം പുലര്‍ത്തുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.








