കാസര്‍കോട് ടൗണില്‍ റോഡ് കയ്യേറ്റം വ്യാപകം; പുതിയ ബസ് സ്റ്റാന്റിനടുത്തെ അശ്വിനി നഗറില്‍ തെരുവു കച്ചവടക്കാരുടെ തള്ളിക്കയറ്റം

കാസര്‍കോട്: മുന്‍സിപ്പല്‍ പരിധിയില്‍ റോഡ് കൈയേറ്റം ഒരുകാരണവശാലും അനുവദിക്കില്ലെന്നു മുനിസിപ്പാലിറ്റിയും ജനപ്രതിനിധികളും ആവര്‍ത്തിക്കുമ്പോള്‍ ഇതേ പ്രദേശത്തെ റോഡ്‌സൈഡുകളില്‍ തെരുവ് കച്ചവടക്കാരുടെ കയ്യേറ്റം വ്യാപകമാകുന്നു.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിനും കാസര്‍കോട് നഴ്‌സിംഗ് ഹോമിനുമിടക്കാണ് നിമിഷം കൊണ്ട് കയ്യേറ്റവും കടകളും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

മുനിസിപ്പല്‍ അധികൃതരോ ജീവനക്കാരോ എന്തിന് വാര്‍ഡ് കൗണ്‍സിലറും നാനാ തരത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികളും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പറയുന്നു. മുനിസിപ്പല്‍ ഭരണകാര്‍ ഓഫീസിലിരുന്ന മുന്‍സിപ്പല്‍ പരിധിയില്‍ പ്രത്യേകിച്ച് കാസര്‍കോട് ടൗണില്‍ റോഡ് കയ്യേറ്റം അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.
റോഡ് സൈഡുകളില്‍ സകല പ്രോത്സാഹനം നല്‍കി ചിലര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന റോഡ് കയ്യേറ്റം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും റോഡ് ഗതാഗതത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. അതേസമയം സകല നിയമവ്യവസ്ഥകളും ലംഘിച്ചുള്ള റോഡ് കയ്യേറ്റങ്ങള്‍ അനുനിമിഷം പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കാസര്‍കോട് ടൗണിന്റെയും മുനിസിപ്പാലിറ്റിയുടെയും വിവിധ ഭാഗങ്ങളില്‍ റോഡ് കയ്യേറ്റം തുടരുകയാണ്. ഇത് ഗതാഗത തടസ്സം രൂക്ഷമാക്കുന്നുണ്ട്.

ഇത്തരത്തില്‍ റോഡ് കൈയേറി കടകള്‍ കെട്ടി നടത്തുന്ന കച്ചവടത്തില്‍ സാധാരണ കടകളിലേതിനേക്കാള്‍ പണം ഈടാക്കി ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് വിറ്റഴിക്കുന്നത് എന്ന് പരാതിയുണ്ട്. ഭക്ഷണസാധനങ്ങളാണെങ്കില്‍ വൃത്തിയും ശുചിത്വവും ഇല്ലാത്ത അന്തരീക്ഷത്തിലാണ് പാകം ചെയ്യുന്നതും വിറ്റഴിക്കുന്നതും എന്നും പരാതിയുയരുന്നു.
ഇത്തരത്തില്‍ പഴയ ബസ്റ്റാന്‍ഡ് പരിസരത്തെ എംജി റോഡില്‍ കച്ചവടം ചെയ്തിരുന്നവര്‍ മൂലം യാത്രക്കാര്‍ക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ ദുസ്സഹമായതോടെ അവരെ പുനരധിവസിപ്പിക്കാന്‍ എന്ന പേരില്‍ പുതിയ ബസ് സ്റ്റാന്‍ഡിനു വേണ്ടി അക്വയര്‍ ചെയ്‌തെടുത്ത സ്ഥലത്ത് മുനിസിപ്പാലിറ്റി ചെറിയ മുറികള്‍ കോണ്‍ക്രീറ്റ് ചെയ്ത് രണ്ട് ഡസനോളം തെരുവ് കച്ചവടക്കാര്‍ക്ക് കൈമാറിയെങ്കിലും അവയെല്ലാം അതേപടി അടഞ്ഞു കിടക്കുകയാണ്.

എംജി റോഡില്‍ നിന്ന് മാറ്റപ്പെട്ടവരും അവര്‍ക്കൊപ്പം പുതുതായി ഉള്ളവരും റോഡ് കയ്യേറ്റം തുടരുകയാണെന്നും പരാതിയുണ്ട്. കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ പുതിയ ബസ്റ്റാന്‍ഡില്‍ മുന്‍സിപ്പാലിറ്റി സ്റ്റാള്‍ നിര്‍മ്മിച്ചതും നിയമവിരുദ്ധമായാണെന്ന് പരാതിയുണ്ട്. ഒരാവശ്യത്തിന് സര്‍ക്കാരോ തദ്ദേശസ്ഥാപനങ്ങളോ വസ്തു ഉടമകളെ പുറത്താക്കി ഏറ്റെടുക്കുന്ന സ്ഥലം അതേ ആവശ്യത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാവു എന്ന് നിയമം ഉണ്ട്. ആ നിയമം നിലവിലിരിക്കെയാണ് നിയമവിരുദ്ധമായി ബസ്റ്റാന്‍ഡ് സ്ഥലത്ത് മുനിസിപ്പാലിറ്റി സ്റ്റാളുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. മാത്രമല്ല, സ്റ്റാളിന് എതിര്‍ ഭാഗം മുതല്‍ പ്രധാന റോഡ് വരെ മുന്‍സിപ്പാലിറ്റി നിര്‍മ്മിച്ച റോഡും നിയമം ലംഘിച്ചാണെന്നു നേരത്തെ പരാതിയുണ്ടായിരുന്നു. റോഡിനു മറുവശത്തുള്ള കച്ചവടക്കാര്‍ക്ക് വേണ്ടിയായിരുന്നു ഈ നിയമലംഘനമെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page