പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണി മുടക്ക് പ്രഖ്യാപിച്ചു. നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ബസ് ഉടമകളുടെ ആറ് സംഘടനകള്‍ പാലക്കാട് ചേര്‍ന്ന സംയുക്ത സമര സമിതി യോഗത്തിലാണ് തീരുമാനം. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ പ്രമുഖ സംഘടനകളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 10ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് സമര പ്രഖ്യാപനമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആര്‍ടിസിക്കു വേണ്ടി മാത്രമുള്ളതാണെന്ന് സ്വകാര്യ ബസ് ഉടമകള്‍ ആരോപിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ അംഗീകരിക്കില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. കമ്മീഷനെ നിയോഗിക്കുന്നതിന് പകരം പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുകയാണ് വേണ്ടത്. പ്രിയദര്‍ശിനി വന്നതോടെ 4 മാസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 400 ബസ്സുകള്‍ പൂര്‍ണമായി സര്‍വീസ് നിര്‍ത്തി. 3,000 ബസുകള്‍ സര്‍വീസ് വെട്ടിക്കുറക്കുകയും ചെയ്തുവെന്ന് സ്വകാര്യ ബസുടമകള്‍ ആരോപിച്ചു.
അതിനിടെ, സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഉറപ്പാക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് മറ്റൊരു വിഭാഗം ഉടമകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവരാണ് നിരാഹാരത്തിന് നേതൃത്വം നല്‍കുന്നത്.









