കരിന്തളം: കരിന്തളം ഗവ. കോളേജ് കെട്ടിടനിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കോളേജ് പിടിഎ കമ്മിറ്റി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ ക്കു നിവേദനം നൽകി.
കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും കെട്ടിടനിർമാണം പൂർത്തിയാക്കി വിദ്യാർഥികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പിടിഎ ഭാരവാഹികൾ എംഎൽഎയെ സമീപിച്ചത്.
കോളേജ് പ്രിൻസിപ്പൽ കെ. വിദ്യ, കൊമേഴ്സ് വിഭാഗം മേധാവി എസ്. ആർ. ശ്രീദേവി, പിടിഎ വൈസ് പ്രസിഡന്റ് ശ്രുതി ബിജു, സൂപ്രണ്ട് കെ. കൃഷ്ണൻ എന്നിവരും മറ്റ് പിടിഎ ഭാരവാഹികളും നിവേദക സംഘത്തിലുണ്ടായിരുന്നു.
കോളേജിന്റെ പുരോഗതിക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് എംഎൽഎ ഉറപ്പുനൽകിയതായി പിടിഎ ഭാരവാഹികൾ അറിയിച്ചു.







