കാസര്‍കോട്: യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 35 കാരിയുടെ ഏഴുലക്ഷം തട്ടിയതായി പരാതി. കാറടുക്ക കൊട്ടംകുഴി സ്വദേശിനി ചിത്രലേഖയാണ് തട്ടിപ്പിനിരയായത്. കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന
യൂനിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് എന്ന സ്ഥാപന ഉടമക്കെതിരെയാണ് പരാതി. യൂറോപ്പിലെ ലക്സംബര്‍ഗില്‍ അക്കൗണ്ടന്റ് ജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ മാര്‍ച്ച് 25ന് 5,53,353 രൂപ യുവതിയില്‍ നിന്ന് വാങ്ങിയിരുന്നു. തുടര്‍ന്ന് മെയ് 14 നു 1,65,2000 രൂപയും നല്‍കിയിരുന്നു. കാസര്‍കോട്ടെ സ്ഥാപനം റേമൈഗ്രേഷന് എന്ന സ്ഥാപത്തിലേക്കാണ് തൊഴില്‍ വിസക്കുള്ള തുക അയപ്പിച്ചത്. എന്നാല്‍ ഇതുവരെയും വിസയോ ജോലിയോ തരപ്പെടുത്തി കൊടുത്തില്ല. അയച്ച 7,15,350 രൂപ തിരിച്ചു തരാതെ വഞ്ചിച്ചുവെന്നാണ് യുവതി ആദൂര്‍ പൊലീസിനു നല്കിയ പരാതി. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







