കാസര്‍കോട്: പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ കട്ടുവിറ്റ സംഭവത്തില്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നീര്‍ച്ചാല്‍ സ്വദേശി വൈ ബൈജുവി(41)നെതിരെ കേസെടുത്തു. എസ്‌ഐ വിഷ്ണു എസ് നായരുടെ റിപ്പോര്‍ട്ടില്‍ ജില്ലാ പൊലീസ് ചീഫ് നിധിന്‍രാജിന്റെ നിര്‍ദേശമനുസരിച്ചാണ് ചന്തേര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ബൈജുവിനെതിരെ കേസെടുത്തത്. ഈമാസം 8 നാണ് സംഭവം. അന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നത് ബൈജുവായിരുന്നു. സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് 10,000 രൂപ വിലവരുന്ന റെഡ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടിയിരുന്നു. അത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു. ഉടമയെ കണ്ടെത്താനായി പാറാവ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു. രാമന്തളി സ്വദേശിനിയുടെതായിരുന്നു ഫോണ്‍. അടുത്ത ദിവസം ഫോണ്‍ കൈപ്പറ്റാന്‍ എത്തുമെന്ന് ഉടമയായ വീട്ടമ്മ പൊലീസിനെ അറിയിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീട്ടമ്മയുടെ മകനാണ് മൊബൈല്‍ കൈപ്പറ്റാന്‍ എത്തിയത്. അപ്പോഴാണ് മേശവലിപ്പില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഫോണ്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസുകാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ ഇതുസംബന്ധിച്ച് ഒരു സന്ദേശം പൊലീസുകാരന്‍ ഇട്ടിരുന്നു. ഫോണ്‍ ആരെങ്കിലും മാറ്റിവച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു സന്ദേശം. അങ്ങനെയാണ് ഫോണ്‍ മോഷണം പോയതായി എസ്‌ഐ വിവരം അറിയുന്നത്. തുടര്‍ന്ന് സൈബര്‍സെല്ല് വഴി നടത്തിയ അന്വേഷത്തില്‍ ബദിയടുക്കയിലെ ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അപ്പോഴാണ് ഒരു പൊലീസുകാരനാണ് ഫോണ്‍ തനിക്ക് വില്‍പന നടത്തിയതെന്ന് അയാള്‍ പറഞ്ഞത്. ഇതോടെ മോഷ്ടാവ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ബൈജുവാണെന്ന് കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ എടുക്കുന്നതും സിം എടുത്തുകളയുന്നതും സിസിടിവി ദൃശ്യത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി എസ് ഐ ജില്ലാ പൊലീസ് ചീഫിന് സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശത്തില്‍ ചൊവ്വാഴ്ച രാവിലെ പൊലീസുകാരനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു.







