അനന്തപുരത്തു നിന്ന് ആന്ധ്രയിലേക്കു ധാതുമണ്ണു കടത്ത്; ഒരു ടോറസ് ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍; രണ്ടു ടോറസ് ഡ്രൈവര്‍മാരും ജെ സി ബി ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു

കാസര്‍കോട്: അനന്തപുരത്ത് നിന്ന് ആന്ധ്രയിലേക്കു കടത്താന്‍ മണ്ണു നിറച്ചുകൊണ്ടിരുന്ന മൂന്നു ടോറസ് ലോറികളില്‍ രണ്ടിന്റേയും രണ്ടു ജെ സി ബികളുടെയും ഡ്രൈവര്‍മാര്‍ പൊലീസിനെക്കണ്ടു വാഹനങ്ങളുടെ താക്കോലുമെടുത്ത് ഓടി രക്ഷപ്പെട്ടു.

ഒരു ടോറസ് ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാര്‍ ഉപേക്ഷിച്ച ലോറികള്‍ക്കും ജെ സി ബികള്‍ക്കും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

അമൂല്യധാതുക്കളടങ്ങിയ മണ്ണാണ് ടോറസ് ലോറികളില്‍ അനന്തപുരത്തു നിന്നു സര്‍വ്വ സന്നാഹത്തോടുകൂടി വന്‍ തോതില്‍ കടത്തിക്കൊണ്ടിരിക്കുന്നതെന്നു പറയുന്നു.

കുന്നിടിച്ചും നിരപ്പു സ്ഥലങ്ങളില്‍ നിന്നും ലോഡ് കണക്കിനു മണ്ണ് ദിവസവും കട്ടു കടത്തുന്നതിനെതിരെ പൊതു പ്രവര്‍ത്തകനായ നായ്ക്കാപ്പിലെ കേശവ നായിക് പൊലീസ് അധികൃതര്‍, ജില്ലാ കളക്ടര്‍, ജിയോളജി തുടങ്ങിയവര്‍ക്കു പരാതി നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ പരാതിക്കാരന്റെ മുന്നില്‍ വച്ചു തന്നെ ജിയോളജിക്കു റഫര്‍ ചെയ്യുകയും ചെയ്തു. ജിയോളജി കവറും കാത്തിരിക്കുകയാണെന്നു പറയുന്നു.

കേരളത്തിലെ ചെറുതും വലുതുമായ രാഷ്ട്രീയ സംഘടനകള്‍ വേണ്ടത്രയുള്ളതുകൊണ്ട് ധാതു മണ്ണ്, ധാതു മണല്‍, ചെങ്കല്ല് കടത്തുകള്‍ അവസാനിപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണെന്നു പറയുന്നു, കേശവനായിക്ക് ധാതു മണ്ണു കടത്തിനെക്കുറിച്ച് എം പി ക്കും പരാതികൊടുത്തു. എം പി അതു കവറിംഗ് ലറ്റര്‍ സഹിതം മുഖ്യമന്ത്രിക്കയച്ചു. ഇങ്ങനെ ഒരു കത്തു കിട്ടിയിട്ടുണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റെഡിമേഡ് കത്ത് കേശവനായിക്കിനു ലഭിക്കുകയും ചെയ്തു.

ഇന്നു രാവിലെ മൂന്നു ടോറസ് ലോറികളില്‍ രണ്ടു ജെ സി ബികള്‍ ഉപയോഗിച്ചു ധാതുമണ്ണു നിറച്ചു കൊണ്ടിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പരാതിക്കാരന്‍ കാസര്‍കോട്ടു പരാതി കൊടുത്തതു കൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവിനെത്തുടര്‍ന്നു സംസ്ഥാന പൊലീസ് കേന്ദ്രത്തിലെ 112 നമ്പറില്‍ വിളിച്ചു വിവരമറിയിച്ചു. അവരപ്പോള്‍ത്തന്നെ ജില്ലാ പൊലീസ് ആസ്ഥാനത്തെ അറിയിച്ചു. ജില്ലാ പൊലീസ് ആസ്ഥാനം കുമ്പള പൊലീസിനെ അറിയിച്ചു. കുമ്പള എസ് ഐ വിശാഖും സംഘവും അനന്തപുരത്തു പാഞ്ഞെത്തുന്നതു കണ്ട രണ്ടു ടോറസ് ലോറികളുടെ ഡ്രൈവര്‍മാരും രണ്ടു ജെ സി ബികളുടെ ഡ്രൈവര്‍മാരും വാഹനങ്ങളുടെ താക്കോല്‍ ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു. അവശേഷിച്ച ടോറസ്സും അതിന്റെ ഡ്രൈവര്‍ ആന്ധ്രപ്രദേശ് സ്വദേശി വിട്ടള ശിവകോടിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡ്രൈവറെയും ലോറിയും ജിയോളജിക്കു കൈമാറുമെന്നു പൊലീസ് പറഞ്ഞു. മറ്റു വാഹനങ്ങള്‍ക്കു പൊലീസ് കാവല്‍ നില്‍ക്കുന്നു.

കുമ്പളയില്‍ നിന്നും ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും ലോഡ് കണക്കിനു ചെങ്കല്ല് ദിവസവും കടത്തുന്നുണ്ടെന്നു കേശവനായിക് നേരത്തെ അധികൃതര്‍ക്കു പരാതി കൊടുത്തിരുന്നു. അക്കൂട്ടത്തില്‍ കുമ്പള പൊലീസിനും പരാതികൊടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ എസ് ഐ അനൂപ് കല്ലുവെട്ടു പണകളില്‍ റെയ്ഡ് നടത്തി. നാടു നന്നാക്കാന്‍ കച്ചകെട്ടി നില്‍ക്കുന്ന വിപ്ലവ വിഭാഗത്തില്‍പ്പെട്ട മുന്തിയ ഇനത്തില്‍പ്പെട്ട രാഷ്ട്രീയക്കാരും സാദാ രാഷ്ട്രീയക്കാരും പ്രശ്‌നത്തില്‍ ഇടപെട്ടു. ചെങ്കല്‍ ലോറികളില്‍ പണി പഴയതിലും ഊര്‍ജ്ജിതമായി തുടങ്ങി. എസ് ഐക്കു സ്ഥലം മാറ്റ ഭീഷണിയുമുണ്ടായെന്നു പറയുന്നു.

മണ്ണ് ഖനനം, മണല്‍ ഖനനം, ചെങ്കല്‍ ഖനനം, കരിങ്കല്‍ ഖനനം എന്നിവക്കെതിരെ ജാഗ്രതയും മുന്‍കരുതലും നടപടികളും എടുക്കാനാണ് ജിയോളജി വകുപ്പുണ്ടാക്കി അതില്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ളതെന്നു പറയുന്നുണ്ട്. പക്ഷേ, അവര്‍ കവര്‍ കാത്തിരിക്കുകയാണെന്നു നാട്ടുകാര്‍ പരിഹസിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അനന്തപുരത്തു നിന്ന് ആന്ധ്രയിലേക്കു ധാതുമണ്ണു കടത്ത്; ഒരു ടോറസ് ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍; രണ്ടു ടോറസ് ഡ്രൈവര്‍മാരും ജെ സി ബി ഡ്രൈവര്‍മാരും വാഹനങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു
Scroll to top

You cannot copy content of this page