കാസര്‍കോട്: മംഗല്‍പാടി, പ്രതാപ് നഗറിലും രാജപുരം കള്ളാറിലും കോഴിക്കെട്ട് കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്. 22 അങ്കക്കോഴികളും 8950 രൂപയുമായി പത്തു പേര്‍ അറസ്റ്റില്‍.
കുമ്പള എസ്‌ഐ എസ് അനൂപിന്റെ നേതൃത്വത്തില്‍ ഇന്നലെ (ഞായര്‍) വൈകുന്നേരം ആറേകാല്‍ മണിയോടെയാണ് പ്രതാപ് നഗറിലെ കോഴിക്കെട്ടു കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. 20ല്‍ അധികം പേര്‍ സ്ഥലത്തുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ പലരും ഓടിരക്ഷപ്പെട്ടു. പ്രതാപ് നഗറിലെ ദിനേശ (26), ശാന്തിഗിരി പുളിക്കുത്തിയിലെ മോഹനന്‍ (42), കെ. കൗഷിക് (32), പ്രതാപ് നഗറിലെ കെഎന്‍ ഗണേശ (55), ശാന്തിഗിരിയിലെ ഉദയ (42), പൈവളിഗെയിലെ പത്മനാഭ (50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സ്ഥലത്ത് നിന്നു 14 പൂവന്‍ കോഴികളെയും 3,110 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴികളെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
രാജപുരം പൊലീസ് കള്ളാര്‍, അഞ്ജനമുക്കിലെ റബ്ബര്‍ തോട്ടത്തില്‍ നടത്തിയ റെയ്ഡില്‍ നാലു പേരെ പിടികൂടി. രഞ്ജിത്ത് (29), വസന്ത (49), ഹരീഷ് (54), സന്തോഷ് (47) എന്നിവരാണ് പിടിയിലായത്. സ്ഥലത്ത് നിന്നു എട്ടു അങ്കക്കോഴികളെയും 5840 രൂപയും പിടികൂടി.







