നീലേശ്വരം: ചരിത്ര സംഗമത്തിന് വേദിയായി കുമ്പള പള്ളി കരിമ്പിൽ ഹൈസ്കൂൾ.മലയോര മേഖലയിൽ വിദ്യാഭ്യാസ സൗകര്യം അപ്രാപ്യമായിരുന്ന 1964 ൽ കരിമ്പിൽ കുഞ്ഞമ്പു സ്ഥാപിച്ച വിദ്യാലയമാണ് കരിമ്പിൽ ഹൈസ്കൂൾ. 64 പേരാണ് വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നേടിയത്. അന്ന് എട്ടാം ക്ലാസിൽ പ്രവേശനം നേടിയ 64 വിദ്യാർത്ഥികളിൽ പലരും ഇന്ന് മൺമറഞ്ഞു പോയെങ്കിലും ശേഷിക്കുന്നവർ പങ്കെടുത്തു കൊണ്ടുള്ള ആദ്യ ബാച്ചിന്റെ ആദ്യ സംഗമം കുമ്പള പള്ളി കരിമ്പിൽ ഹൈസ്കൂളിൽ നടന്നു. നീലേശ്വരം, കൊന്നക്കാട്, പരപ്പ , തുടങ്ങി വിദൂര സ്ഥലങ്ങളിൽ നിന്നും യാത്ര സൗകര്യം ഇല്ലാതിരുന്ന കാലത്ത് പഠനത്തിനെത്തിയ ഓർമ്മകൾ സഹപാഠികൾ അയവിറക്കി.ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ നെഞ്ചിലേറ്റി ശാരീരികമായ അവശതകൾ മാറ്റി വച്ചു കൊണ്ടും ദീർഘദൂരം യാത്ര ചെയ്തുമാണ് പലരും മക്കളുടെയും കൊച്ചുമക്കളുടെയും കൈപിടിച്ച് സംഗമത്തിന് എത്തിയത്. വേർപിരിഞ്ഞ സഹപാഠികളുടെയും പൂർവാധ്യാപകരുടെയും വിയോഗത്തിൽ സംഗമം അനുശോചിച്ചു. പഠിതാക്കൾ എല്ലാവരും ഒരു ക്ലാസ് റൂമിൽ ഒത്തുചേർന്ന് പണ്ട് ഉണ്ടായിരുന്നതുപോലെയുള്ള ക്ലാസ് അനുഭവങ്ങൾ പങ്കുവെച്ചതും വൈകി വന്നവരെ ശാസിച്ചു കൊണ്ട് അധ്യാപകർ ക്ലാസ് കൈകാര്യം ചെയ്തതും നവ്യാനുഭവമായി.
കരിമ്പിൽ ഹൈസ്കൂൾ മാനേജർ കെ. സുശീല നാരായണൻ ഭദ്രദീപം തെളിച്ചു. റിട്ടയേർഡ് സിആർപിഎഫ്
എസ്പി .പി .ദാമോദരൻ സംഗമം ഉദ്ഘാടനം ചെയ്തു. പി പി മാധവൻ പയ്യാവൂർ ആമുഖപ്രഭാഷണം നടത്തി. പി . ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
വി. കെ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. പി വി ഭാസ്കരൻ, വി കെ പരിമള, കെ ബാലൻ, സംസാരിച്ചു.
എം നാരായണി നന്ദി പറഞ്ഞു.
വിഭവസമൃദ്ധമായ സദ്യയും കഴിച്ച് ഉപഹാരവും ഏറ്റുവാങ്ങിയാണ് എല്ലാവരും പിരിഞ്ഞത്.







