മംഗ്ളൂരു: തുണി അലക്കാന്‍ പോയ 13 വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. കുന്താപുരം, ഹൊസാഡു, കൊപ്പരിഗെ ഗുഡ്ഡയിലാണ് ദാരുണമായ സംഭവം നടന്നത്. ചന്ദ്ര ബസുവരാജിന്റെ മകള്‍ സുനിത (13), പരേതനായ മഞ്ജു നാഥിന്റെ മകള്‍ വൈശാലി (13) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലിനു വീട്ടിനടുത്തുള്ള കടുബെനെകരെയിലെ കുളത്തില്‍ തുണി അലക്കാനായാണ് പെണ്‍കുട്ടികള്‍ രണ്ടുപേരും പോയത്. കരയില്‍ നിന്നു തുണി അലക്കുന്നതിനിടയില്‍ ഒരാള്‍ കാല് വഴുതി കുളത്തില്‍ വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടയിലായിരിക്കും രണ്ടാമത്തെ പെണ്‍കുട്ടിയും അപകടത്തില്‍പ്പെട്ടതെന്നു കരുതുന്നു. വിവരമറിഞ്ഞ് എത്തിയ മുങ്ങല്‍ വിദഗ്ദ്ധരാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.








