പയ്യന്നൂര്‍:ഗിഫ്റ്റ് നല്‍കാനെന്നു പറഞ്ഞ് ഷര്‍ട്ട് വാങ്ങാന്‍ എത്തിയ വിരുതന്‍ പണം നല്‍കാതെ ഷര്‍ട്ടുകളുമായി കടന്നു കളഞ്ഞു. തട്ടിപ്പുവീരന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം കടയുടമ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം പതിനൊന്നര മണിയോടെ ആലക്കോട് ടൗണിലെ
‘ഓര്‍മ്മ’ ഫാബ്രിക്‌സിലാണ് സംഭവം. ‘എന്നെ അറിയില്ലേ’ എന്നു ചോദിച്ചുകൊണ്ടാണ് യുവാവ് കടയിലെത്തിയത്. ആലക്കോട് സ്വദേശിയുടെ ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഗിഫ്റ്റ് നല്‍കാനായി ഷര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടു. വ്യാപാരി വിവിധ മോഡലുകളിലുള്ള ഷര്‍ട്ടുകള്‍ എടുത്തുകാണിച്ചു. കോട്ടണ്‍ ഷര്‍ട്ട് തന്നെയല്ലേയെന്ന് വ്യാപാരിയോട് ആരായാനും ഇതിനിടയിൽ യുവാവ് മറന്നില്ല. തുടര്‍ന്ന് രണ്ടു ഷര്‍ട്ടുകള്‍ എടുത്ത യുവാവ് തന്റെ ഭാര്യ സ്‌കൂളിന് സമീപത്ത് കാറിലിരിക്കുന്നുണ്ടെന്നും കാണിച്ചു ഉടന്‍ വരാമെന്നും പറഞ്ഞു. പെരുമാറ്റത്തില്‍ സംശയം ഒന്നും തോന്നാത്തതിനെ തുടര്‍ന്ന് വ്യാപാരി സമ്മതിക്കുകയും ചെയ്തു. ഷര്‍ട്ടുമായി പോയ ആള്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം വ്യാപാരിക്ക് ബോധ്യമായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. യുവാവിന്റെ വരവും പോക്കുമെല്ലാം സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് കടയുടമ ആലക്കോട് പൊലീസില്‍ പരാതി നല്‍കിയത്.







