തിരുവനന്തപുരം: കേരള പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കാന്‍ മുന്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. രാജേന്ദ്ര അര്‍ലേക്കറാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പ് ശുപാര്‍ശ നല്‍കിയത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് ഇത്തരത്തില്‍ ഗവര്‍ണറുടെ നടപടി. ചെയര്‍മാന്‍ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ തന്നെ നേരിട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനമുണ്ടായത്. പിഎസ്സിയില്‍ ഗുരുതരമായ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. അന്വേഷണത്തില്‍ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അവര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ പി.എസ്.സി ചെയര്‍മാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. കോടതിയില്‍ നിന്ന് പോലും പി.എസ്.സിക്കെതിരെ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്ന് സര്‍ക്കാരിനോട് ചോദിച്ച ഹൈക്കോടതി പിഎസ്‌സിയും സര്‍ക്കാരും ഭായ് ഭായ് കളിച്ചാല്‍ ജനങ്ങള്‍ക്ക് സംശയം തോന്നുമെന്നും വിമര്‍ശിച്ചു. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അതേസമയം, ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന് പിഎസ്‌സി വാദിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. കേസ് 27ന് പരിഗണിക്കും.








