പഴയങ്ങാടിയിലെ പുഴയില്‍ ചാടിയതായി അഭ്യൂഹം; ഫയര്‍ ഫോഴ്സ് തിരച്ചിലിനിടെ ലോറി ഡ്രൈവര്‍ വീട്ടിലെത്തി

പയ്യന്നൂര്‍: കണ്ണൂര്‍ പഴയങ്ങാടിയിലെ പാലത്തിന് മുകളില്‍ ചരക്കുലോറി ഉപേക്ഷിച്ച് പോയ സംഭവത്തില്‍ വഴിത്തിരിവ്. ഡ്രൈവര്‍ പുഴയില്‍ ചാടിയതാവാമെന്ന സാധ്യതയില്‍ ഫയര്‍ ഫോഴ്‌സ് പരിശോധന നടത്തുന്നതിനിടെ ഡ്രൈവറായ കുമാര്‍ മംഗളൂരുവിലെ വീട്ടിലെത്തി.ബന്ധുക്കളാണ് പൊലീസില്‍ ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ അവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് കെഎസ്ടിപി റോഡിലെ പഴയങ്ങാടി പാലത്തിന് മുകളില്‍ ലോറി നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ഏറെ നേരമായിട്ടും വാഹനം മാറ്റാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കണ്ണപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലോറിയില്‍ താക്കോല്‍, മൊബൈല്‍ ഫോണ്‍, പണമടങ്ങിയ പഴ്സ് എന്നിവ കണ്ടെത്തി. അതിനിടെ ലോറിഡ്രൈവര്‍ സാമൂഹികമാധ്യമത്തില്‍ ആത്മഹത്യാക്കുറിപ്പ് ഇട്ടിരുന്നതായുള്ള വിവരവും ലഭിച്ചു. ഇതോടെയാണ് ഡ്രൈവര്‍ പുഴയില്‍ ചാടിയിരിക്കാമെന്ന അഭ്യൂഹം നാട്ടില്‍ പരന്നത്. തുടര്‍ന്നാണ് അഗ്‌നിരക്ഷാസേന എത്തി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. പൊലീസ് വിളിച്ചപ്പോഴാണ് ലോറി പഴയങ്ങാടിയില്‍ ഉള്ള വിവരം അറിഞ്ഞതെന്നും ഉടമ ബംഗളൂരുവിലെ വി. കൃഷ്ണ പറഞ്ഞു. വൈകീട്ട് ഉടമ ബന്ധുക്കളുമായി സംസാരിച്ചപ്പോഴാണ് ഡ്രൈവര്‍ കുമാര്‍ മംഗളൂരുവിലെത്തിയതായി അറിയുന്നത്. ലോറി ഓടിച്ച് പാലത്തിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി മംഗളൂരുവിലേക്ക് പോയതാണെന്നാണ് ലഭിച്ച വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page