കൽപ്പറ്റ: മാനന്തവാടിയില്‍ കാർ ഇടിച്ച് 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി ദിവ രാജേഷ് ആണ് മരിച്ചത്. .മാനന്തവാടി രണ്ടേ നാലിൽ ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ഏഴു വയസ്സുകാരനായ സഹോദരനോടൊപ്പം ട്യൂഷൻ ക്ലാസിലേക്ക് നടന്നുപോകുന്നതിനിടെ റോഡിന്റെ തെറ്റായ ദിശയിലൂടെ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് കുട്ടികൾക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എടവക രണ്ടേ നാല് പടിഞ്ഞാറെപുത്തൻകുഴിയിൽ രാജേഷ്- സ്വപ്ന ദമ്പതികളുടെ മകളാണ് മരിച്ച ദിവ രാജേഷ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.








