കൊല്ലം: കൊല്ലം ടൗണിലെ വാടിയില്‍ കള്ളനോട്ടു നിര്‍മ്മാണ കേന്ദ്രം.
കള്ളനോട്ടു നിര്‍മ്മാണ കേന്ദ്രം കണ്ടുപിടിച്ച പൊലീസ് കള്ളനോട്ടു നിര്‍മ്മിക്കാന്‍ കരുതിവച്ച സാധനങ്ങള്‍ പിടിച്ചെടുത്തു. കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകള്‍, കള്ളനോട്ടടിക്കാനുള്ള പേപ്പര്‍ കഷണങ്ങള്‍, നോട്ടെണ്ണുന്ന മെഷീനുകള്‍, 500 രൂപയുടെ സ്റ്റിക്കറുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തവയില്‍പ്പെടുന്നു.
വാടി കല്ലേലിവയല്‍ പുരയിടത്തെ സിയോണിന്റെ വീട്ടിലാണ് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഈ വീട്ടില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ രണ്ടരക്കോടി രൂപയുടെ കള്ളനോട്ടുണ്ടാക്കാന്‍ കരുതിവച്ച സാധനങ്ങളാണ് പിടികൂടിയത്.
റെയ്ഡില്‍ 46 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. സ്വര്‍ണ്ണ വാച്ചും കണ്ടെത്തിയിട്ടുണ്ട്. ആരോ, തന്നെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ചുവെന്നു വീട്ടുടമ സിയോണ്‍ നേരത്തെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പരാതിയെക്കുറിച്ചന്വോഷിച്ച പൊലീസ് പരാതി തട്ടിപ്പാണെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നു വിശദമായി നടത്തിയ അന്വേഷണത്തിലാണ് കള്ള പരാതിക്കാരന്റെ വീട്ടില്‍ വന്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. ഈ കേന്ദ്രത്തില്‍ ഇയാള്‍ നേരത്തെ കള്ളനോട്ട് അച്ചടിച്ചിരുന്നുവോ എന്ന് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം ആരംഭിച്ചു.








